തിരുവനന്തപുരം: അർഹതയുള്ള കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. സമരം ചെയ്യുന്ന കായിക താരങ്ങളുമായി ചര്‍ച്ചക്ക് തയാറാണ്. എന്നാല്‍, സമരത്തിന് മുന്‍പ് കായിക താരങ്ങള്‍ വിഷയം തന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല. സമരം ചെയ്താലും ഇല്ലെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് നിയമനം ഉറപ്പാണെന്നും കായിക മന്ത്രി വ്യക്തമാക്കി.
ജോലി കിട്ടുന്നതുവരെ സമരം തുടരുമെന്ന് കായിക താരങ്ങൾ പ്രതികരിച്ചു. ജോലിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും പ്രായപരിധി കഴിയാറായെന്നും താരങ്ങൾ വ്യക്തമാക്കി. ചര്‍ച്ചക്ക് പല തവണ ശ്രമിച്ചിരുന്നു. കായിക താരങ്ങള്‍ക്ക് സംഘടനയുടെ ആവശ്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, വാഗ്ദാനം ചെയ്ത ജോലി നൽകണമെന്ന ആവശ്യവുമായി കായിക താരങ്ങൾ സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ദേശീയ ഗെയിംസ് അടക്കമുള്ള മത്സരങ്ങളിൽ പങ്കെടുത്ത 50ലേറെ കായിക താരങ്ങളാണ് സമരരംഗത്തുള്ളത്.
ജോലി നൽകി കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ട് വരുന്ന ഡിസംബർ 21ന് ഒരു വർഷം തികയുകയാണ്. ജോലി നൽകിയെന്ന് വ്യക്തമാക്കി അന്നത്തെ കായിക മന്ത്രി ഇ.പി ജയരാജൻ ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
സ്‌പോർട്‌സ് ക്വാട്ട പ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ 2016-21ല്‍ 580 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. യുഡിഎപിന്റെ 2011-15 കാലയളവില്‍ ആകെ 110 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. കേരള ചരിത്രത്തില്‍ ആദ്യമായി 195 കായികതാരങ്ങള്‍ക്ക് ഒരുമിച്ച് നിയമനം നല്‍കി. കേരളാ പോലീസില്‍ 137 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയ ടീമിലെ ജോലിയില്ലാതിരുന്ന 11 പേര്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ എല്‍ ഡി ക്ലര്‍ക്ക് തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കി. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ടീമിനത്തില്‍ വെള്ളി, വെങ്കലം മെഡല്‍ നേടിയ 82 കായിക താരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നല്‍കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇതു പ്രായോഗികമല്ലായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ എല്‍.ഡി.സി തസ്തികയില്‍ നിയമനം നല്‍കി. ഇവരെ നിയമിക്കാന്‍ കായികവകുപ്പില്‍ 82 സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചു. വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം നേടിയതും ടീമിനത്തില്‍ സ്വര്‍ണ്ണം നേടിയതുമായ 67 പേര്‍ക്ക് നേരത്തേ ജോലി നല്‍കി. തിരുവനന്തപുരത്ത് വഴിയോര പച്ചക്കറി കച്ചവടം നടത്തി ജീവിച്ച മുന്‍ ദേശീയ ഹോക്കി താരം വി.ഡി ശകുന്തളക്ക് കായിക യുവജനകാര്യാലയത്തിനു കീഴില്‍ ജോലി. മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സില്‍ രാജ്യത്തിന് അഭിമാനനേട്ടങ്ങള്‍ സമ്മാനിച്ച കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനി സരോജിനി തോലാത്തിന് കണ്ണൂര്‍ സ്‌പോർട്‌സ് ഡിവിഷനില്‍ ജോലി. ഏജീസ് ഓഫീസില്‍നിന്ന് പിരിച്ചുവിട്ട ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ വിനീതിന് സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് തസ്തികയില്‍ നിയമനം. ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരളാ ടീമിലെ അംഗം രതീഷ് സി.കെക്ക് കിന്‍ഫ്രയില്‍ ജോലി. കബഡി താരം പി.കെ രാജിമോള്‍, സ്പെഷ്യല്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത പി.കെ. ഷൈബന്‍ എന്നിവര്‍ക്കും ജോലി.
കേരളത്തില്‍ നടന്ന 35മത് ദേശീയ ഗെയിംസില്‍ 82 മെഡല്‍ ജേതാക്കള്‍ക്ക് കൂടി ഉടന്‍ നിയമനം നല്‍കും. ടീം ഇനത്തില്‍ വെള്ളി- വെങ്കല മെഡലുകള്‍ നേടിയ കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ കായിക- യുവജനകാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു. പത്താംതരം അടിസ്ഥാന യോഗ്യതയുള്ള ക്ലറിക്കല്‍ തസ്തികകളിലേക്കാണ് നിയമനം നടത്തുക. ദേശീയ ഗെയിംസില്‍ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടിയവരും ടീം ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടുകയും ചെയ്ത 68 പേര്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ നേരത്തെ ജോലി നല്‍കിയിരുന്നു. ക്ലറിക്കല്‍ തസ്തികയിലേക്ക് പരിഗണിക്കാന്‍ അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളുടെ നിയമനം സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.