തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ വിദേശത്തുനിന്ന് കാളുകളെത്തിയതായി കണ്ടെത്തി. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയെ കൊലപ്പെടുത്താനുള്ള ക്വട്ടേഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ജയിലിലേക്ക് വിദേശ കാളുകളുമെത്തിയെന്നതും അറിവായിരിക്കുന്നത്.
ജയിലിൽ തടവുകാർ ക്വട്ടേഷൻ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതും ഹവാല, സ്വർണത്തട്ടിപ്പ് അടക്കമുള്ളവ നടത്തുന്നതുമായ ആക്ഷേപം നേരത്തേ ഉയർന്നിരുന്നു.
വിദേശത്തുനിന്ന് കാളുകളെത്തിയെന്നത് ഗൗരവമായാണ് വിലയിരുത്തുന്നത്. കൊടിസുനിയെ ജയിലിൽ കൊലപ്പെടുത്താൻ നടത്തിയ ആസൂത്രണത്തിൽ നീക്കങ്ങൾ നടന്നത് പുറത്തുനിന്നുള്ള ഫോൺ വിളികളിലൂടെയായിരുന്നു. റഷീദിെൻറ ഫോണിലേക്ക് വന്ന കാളുകളിലാണ് വിദേശത്തുനിന്നുള്ള വിളിയുമുണ്ടായിരുന്നത്. ഇതുസംബന്ധിച്ച കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നാണ് പറയുന്നത്.
ഫോൺ കോൺഫറൻസ് കാളായി എത്തിയിരുന്നെന്ന് കൊടിസുനിയെ കൊലപ്പെടുത്താനുള്ള പദ്ധതി പുറത്തുവിട്ട സഹതടവുകാരൻ ബിൻഷാദ് തന്നെ വെളിപ്പെടുത്തിയിരുന്നു. സ്വർണക്കടത്ത് സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. കൊടുവള്ളി- പെരുമ്പാവൂർ സംഘങ്ങളുടെ ക്വട്ടേഷന് പണം വിദേശത്തുനിന്നാണെന്നും അവരാണ് വിദേശ കാളിലുണ്ടായിരുന്നതെന്നുമാണ് കരുതുന്നത്.
കോൺഫറൻസ് കാളിൽ ഒരു ഭാഗത്ത് റഷീദിെൻറ അടുത്ത ബന്ധുവുമുണ്ടായിരുന്നു. ഇപ്പോൾ കൊടിസുനിയുടെ ക്വട്ടേഷനുമായാണ് വിദേശ കാൾവിവരം പുറത്തു വരുന്നതെങ്കിലും ജയിലിൽ സമാനമായി നേരത്തേയും പുറത്തുനിന്നുള്ള കാളുകൾ ഉണ്ടായിരുന്നെന്ന് സൂചനകളുമുണ്ട്. സുനിയെ കൊലപ്പെടുത്താനുള്ള പദ്ധതിയിൽ റഷീദിെൻറ ബന്ധുതന്നെയാണ് കോൺഫറൻസ് കാൾ സൗകര്യമൊരുക്കിയിരുന്നതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.