കാക്കനാട്: ഭരണകൂടങ്ങളെ സംശയിക്കലും അന്വേഷണ ഏജന്‍സികളുടെ വാക്കുകളെ വേദവാക്യമായി സ്വീകരിക്കാതിരിക്കലും മാധ്യമ ധര്‍മമാകണമെന്ന് കൊൽക്കത്തയിലെ ‘ദ ടെലഗ്രാഫ്’ പത്രത്തിന്‍റെ എഡിറ്റർ ആര്‍. രാജഗോപാല്‍. കേരള മീഡിയ അക്കാദമിയുടെ ‘സ്‌കോളര്‍ ഇന്‍ കാമ്പസ്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാറോ അന്വേഷണ ഏജന്‍സികളോ പറഞ്ഞാല്‍ അത് പൂർണമായി വിശ്വസിക്കാമെന്ന നിലപാടിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ എത്തരുത്. ഭരണകൂട നിലപാടുകളെ ചോദ്യം ചെയ്തതിന്‍റെ പേരിൽ ‘ദ ടെലഗ്രാഫി’നെതിരെ പതിനെട്ടിലധികം സംസ്ഥാനങ്ങളിൽ കേസുകളുണ്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇടപെടലും ഉണ്ടായി.
ലോകകാര്യങ്ങൾ തമസ്‌കരിച്ച് കൂപമണ്ഡൂകങ്ങളാകുന്ന തലത്തിലേക്ക് മലയാള മാധ്യമങ്ങളും മാറുകയാണെന്ന് അന്താരാഷ്ട്ര വാര്‍ത്തകളുടെ എണ്ണക്കുറവ് പരാമർശിച്ച് അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാര ജേത്രിയും ഔട്ട് ലുക്ക് സീനിയര്‍ എഡിറ്ററുമായ കെ.കെ. ഷാഹിനയെ അനുമോദിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കെ.രാജഗോപാല്‍, വിദ്യാർഥി പ്രതിനിധി ആലിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.