കോട്ടയം: ജില്ലയിൽ തെരുവ്നായ്ക്കൾക്ക് തുടർച്ചയായി പേ വിഷബാധ സ്ഥിരീകരിക്കുന്ന സംഭവത്തിൽ വില്ലൻ കുറുനരികളെന്ന് മൃഗസംരക്ഷണവകുപ്പിെൻറ നിഗമനം. കഴിഞ്ഞ ദിവസം തലയോലപ്പറമ്പിൽ അക്രമകാരിയായനായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനുതൊട്ടുമുമ്പ് വൈക്കത്തും രോഗം കണ്ടെത്തിയിരുന്നു.
കുറുനരികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലായതിനാല്‍ പേ ബാധിച്ചാലും മരിക്കില്ല. ഇങ്ങനെയുള്ളവ പേ വിഷത്തിെൻറ വാഹകരാകുകയാണെന്ന് അധികൃതർ പറയുന്നു. നായ്ക്കളെയും മറ്റു മൃഗങ്ങളെയും ഇവ കടിക്കുമ്പോള്‍ അവയിലേക്കും രോഗം പടരും. നഗരങ്ങളിലടക്കം മാലിന്യം കൂന്നുകൂടുന്ന സ്ഥിതിയായതിനാൽ വൻതോതിൽ കുറുനരികൾ നാട്ടിലേക്ക് എത്തുകയാണെന്ന് മൃഗസംരക്ഷണവകുപ്പ് പറയുന്നു. കാട്ടിലേക്കാൾ കൂടുതൽ ഭക്ഷണം നാട്ടിൽ കിട്ടുന്ന സ്ഥിതിയാണ്. ഇതോടെ ഇവയുടെ ഇഷ്ടകേന്ദ്രങ്ങളായി ജില്ലയുടെ പലഭാഗങ്ങളും മാറിയിരിക്കുകയാണ്. ഇവ തെരുവ്നായ്ക്കളുമായി കടിപിടി കൂടുകയും ഇതിലൂടെ പേ നായ്ക്കളിലേക്ക് പടരുകയുമാണ്. മാലിന്യസംസ്കരണത്തിന് കൃത്യമായ മാർഗം സ്വീകരിച്ചാൽ മാത്രമേ ഇതിനുപരിഹാരം കാണാനാകൂ. മാലിന്യങ്ങൾ കൂന്നുകൂടുന്ന അവസ്ഥ പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ പറയുന്നു. തെരുവ് നായ്ക്കളെന്ന് കരുതുന്നതിൽ പലതും കുറുനരികളാകാമെന്നും ഇവർ പറയുന്നു. അതിനിടെ, ജില്ലയിൽ പേവിഷ ബാധ വർധിക്കുന്നതായും മൃഗസംരക്ഷണവകുപ്പിെൻറ പരിശോധനയിൽ കണ്ടെത്തി. ജില്ലയിൽ ചത്ത നായ്ക്കളെ അടക്കം പരിശോധനവിധേയമാക്കിയതിൽ 60 ശതമാനത്തിനും പേ വിഷബാധ കണ്ടെത്തിയിരുന്നു. നാട്ടുകാരെ കടിച്ചതിനെത്തുടര്‍ന്നോ, അസ്വാഭാവിക സാഹചര്യത്തില്‍ ചത്തതിനെത്തുടര്‍ന്നുമായിരുന്നു പരിശോധന. ആറു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ പരിശോധനക്ക് വിധേയമാക്കിയ 34 സാമ്പിളുകളില്‍ 19 എണ്ണത്തിലും പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. ആരെയെങ്കിലും കടിച്ചതിനു ശേഷം ചത്ത നായ്ക്കളുടെ ശരീരമാണ് പരിശോധിച്ചവയില്‍ ഏറെയും. അവയില്‍ തന്നെ തെരുവുനായ്ക്കളായിരുന്നു ഭൂരിപക്ഷവും. അസ്വാഭാവിക സാഹചര്യത്തില്‍ ചത്ത പശു, പോത്ത് എന്നിവയെയും പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇത് ഉയർന്നതോതാണെന്നും ജാഗ്രത പുലർത്തണമെന്നും വകുപ്പ് വ്യക്തമാക്കുന്നു. പേ വിഷ പ്രതിരോധത്തിന് എല്ലാ വര്‍ഷവും തെരുവുനായ്കളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുകയാണ് ഏക പോംവഴിയെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു.
ഒപ്പം എല്ലാ പഞ്ചായത്തിലും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും തുടർച്ചയായി നായ്ക്കളെ വന്ധ്യംകരണം ചെയ്യണമെന്നും ഇവർ പറയുന്നു. ഈ വര്‍ഷം ഇതുവരെ കോട്ടയം മെഡിക്കൽ കോളജിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് 7500ൽ അധികം പേരാണ് ചികിത്സതേടിയത്.
രണ്ടുമാസത്തിനിടെ സ്ഥിരീകരിക്കുന്നത് മൂന്നാംതവണ
കോട്ടയം: രണ്ടുമാസത്തിനിടെ ജില്ലയിൽ നാട്ടുകാരെ ആക്രമിച്ച മൂന്ന് തെരുവ് നായ്ക്കൾക്കാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 22ന് വൈക്കം നഗരസഭ പരിധിയിൽ അഞ്ചുപേരെ നായ് കടിച്ചിരുന്നു. പിന്നീട് ചത്ത ഇതിന് പരിശോധനയിൽ പേ ആണെന്ന് കണ്ടെത്തി.
30ന് വെച്ചൂർ പഞ്ചായത്തിൽ രണ്ടുപേരെ കടിച്ച നായ്ക്കും വിഷബാധ കണ്ടെത്തി. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം തലയോലപ്പറമ്പിലും പേ വിഷബാധ സ്ഥിരീകരിച്ചത്. പേ ബാധിച്ച നായ്ക്കൾ നിരവധി വളർത്തുമൃഗങ്ങളെയും കടിച്ചിരുന്നു. ഇവയിൽ പലതും ചത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.