കൊല്ലപ്പെട്ട രാജേഷ് കുമാർ

റേഡിയോ ജോക്കി രാജേഷ് കുമാർ വധം: രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാർ (34) വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടു പ്രതികളും 2.40 ലക്ഷം രൂപ പിഴയും അടക്കണം. ഈ തുക രാജേഷിന്റെ കുടുംബത്തിന് നൽകണം. ഇരുപ്രതികളും 10 വർഷം കഠിന തടവ് അനുഭവിച്ച ശേഷമാണ് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടത്. നീചമായ കൃത്യമാണ് പ്രതികൾ ചെയ്തതെന്നും വധശിക്ഷക്ക് മാർഗരേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നൽകാത്തതെന്നും കോടതി വ്യക്തമാക്കി.

മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേൽപിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. നാല് മുതൽ 12 വരെ പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറിനെ പിടികൂടാനായിട്ടില്ല.

മടവൂർ പടിഞ്ഞാറ്റേല ആശ നിവാസിൽ രാജേഷിനെ 2018 മാർച്ച് 27ന് പുലർച്ചെ 2.30നാണ് മടവൂർ ജങ്ഷനിലെ സ്വന്തം സ്ഥാപനമായ മെട്രാസ് റെക്കോഡിങ് സ്റ്റുഡിയോയിലിരിക്കെ വെട്ടിക്കൊന്നത്. സുഹൃത്ത് വെള്ളല്ലൂർ സ്വദേശി കുട്ടന് (50) തോളിനും കൈക്കും വെട്ടേറ്റിരുന്നു.

10 വർഷത്തോളം സ്വകാര്യ ചാനലിൽ റോഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണിൽ ഖത്തറിൽ ജോലി ലഭിച്ചിരുന്നു. പത്തു മാസം അവിടെ ജോലി ചെയ്തു. 2017 മേയിൽ മടങ്ങിയെത്തിയ ശേഷം റെക്കോഡിങ് സ്റ്റുഡിയോ ആരംഭിക്കുകയും നാടൻപാട്ട് സംഘത്തിൽ ചേരുകയും ചെയ്തിരുന്നു. ഖത്തറിലായിരുന്നപ്പോൾ അബ്ദുൽ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

രാജേഷിന്റെ സുഹൃത്തും പ്രധാന സാക്ഷിയുമായ കുട്ടന്‍ കൂറുമാറിയിരുന്നു. ഇയാളുടെ ആദ്യ മൊഴി കോടതി സ്വീകരിച്ചു. ജില്ലാ പ്രോസിക്യൂട്ടർ ഗീനാകുമാരിയാണ് അന്തിമവാദം നടത്തിയത്.

Tags:    
News Summary - Radio jockey Rajesh Kumar murder: 2nd and 3rd accused get life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.