കണ്ണൂർ: കുടുംബബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന നമ്മുടെ നാട്ടില്‍ വിവാഹം പവിത്രമായ മംഗളകർമമായാണ് കണക്കാക്കുന്നത്. സന്തോഷം മാത്രം നൽകേണ്ട ചടങ്ങുകളിൽ കണ്ണീരും ചോരയും പടരുന്നത് സ്ഥിര കാഴ്ചയാവുകയാണ്. കഴിഞ്ഞദിവസം തോട്ടടയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ നിസ്സാര തർക്കത്തിൽ യുവാവിന് ജീവൻ നഷ്ടമായതാണ് അവസാന സംഭവം.
മലബാർ കല്യാണത്തിൽ വധൂവരന്മാർ അനുഭവിക്കേണ്ടിവരുന്ന മാനസിക, ശാരീരിക പീഡനങ്ങളും അധിക്ഷേപവും വിവാഹവുമായി ബന്ധപ്പെട്ട മദ്യസൽക്കാരവും തുടങ്ങിയിട്ട് കാലമേറെയായി. ചില നാടുകളിൽ നാട്ടുകാർ തന്നെ മുൻകൈയെടുത്ത് വിവാഹാഭാസങ്ങൾക്ക് തടയിട്ടെങ്കിലും പലയിടത്തും ഇപ്പോഴും തുടരുന്നുണ്ട്. ആദ്യമായി വരൻെറ വീട്ടിലെത്തുന്ന വധുവിനാണ് മിക്കപ്പോഴും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നത്.
അസഭ്യവാക്കുകളും സ്പ്രേ, മുളകുപൊടി പ്രയോഗവും ആർപ്പുവിളിച്ചുള്ള ഘോഷയാത്രകളുമാണ് പലപ്പോഴും നവവധുവിനെ സ്വീകരിക്കുന്നത്. റാഗിങ് അതിരുവിടുമ്പോൾ മാനസിക നില തെറ്റി ഏറെക്കാലം കൗൺസലിങ്ങും ചികിത്സയുമായി കഴിയുന്നവരും ഏറെയാണ്. വരന്റെ വീട്ടിലേക്ക് വരുന്ന വധുവിനെ തുറന്ന വാഹനത്തിൽ ആനയിക്കൽ, കുടിക്കാനായി ഉപ്പും മുളകും കലക്കിയ വെള്ളമോ മദ്യമോ നൽകൽ, നായ്ക്കുരണ പൊടി പ്രയോഗം, ബാൻഡുമേളത്തിനൊപ്പം നിർബന്ധിപ്പിച്ച് ചുവടുവെപ്പിക്കൽ തുടങ്ങിയവയും വിവാഹാഭാസത്തിന്റെ ഭാഗമാണ്. വധൂവരന്മാരുടെ ആരോഗ്യം കണക്കിലെടുക്കാതെ ദീർഘദൂരം നടത്തിക്കലും ക്രൂരതകളുടെ പട്ടികയിലുണ്ട്.
നാലുവർഷം മുമ്പ് കണ്ണൂരിൽ വധൂവരന്മാരെ ശവമഞ്ചത്തിലിരുത്തി റീത്തുവെച്ച് ആനയിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വലിയ വിമർശനങ്ങളാണ് ഇതിനെതിരെയുണ്ടായത്. വിവാഹാഘോഷ യാത്രകളില്‍ പടക്കവും ബാൻഡുമേളവും വര്‍ണക്കടലാസുകളും പടുകൂറ്റന്‍ മാലയും നിർബന്ധിപ്പിച്ച് ചുവടുവെപ്പിക്കലുമെല്ലാം ജില്ലയിൽ മിക്കയിടത്തുമുണ്ട്. നുര ചിതറിക്കുന്ന ലായനിയിലും സ്പ്രേയിലും കുളിക്കേണ്ടിവരുന്ന വധൂവരന്മാർക്ക് അലർജി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാറുമുണ്ട്.
അലർജിമൂലം ശരീരം മുഴുവൻ ചൊറിച്ചിലും തിണർപ്പുമായി ചടങ്ങുകൾ മുടങ്ങിയ സംഭവം തലശ്ശേരിയിലും പേരാവൂരിലുമുണ്ടായിരുന്നു. നാലുവർഷംമുമ്പ് കടവത്തൂരിൽ വിവാഹത്തലേന്ന് വരനെ തട്ടിക്കൊണ്ടുപോയ സംഭവം പൊലീസ് കേസായാണ് അവസാനിച്ചത്. കല്യാണ വീട്ടില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കവേയായിരുന്നു സുഹൃത്തുക്കളുടെ കൈവിട്ട കളി. ചെറിയ രീതിയിലുള്ള റാഗിങ്ങിലും ലഹരിപാർട്ടിയിലും തുടങ്ങി വിവാഹത്തിനെത്തുന്നവർ സംഘം ചേർന്നുള്ള പോർവിളിയിലേക്കും കൊലപാതകത്തിലേക്കും എത്തി നിൽക്കുകയാണ് കാര്യങ്ങൾ.
പലയിടത്തും മദ്യമാണ് പ്രധാന വില്ലൻ. കല്യാണത്തലേന്ന് നടക്കുന്ന മദ്യ സൽക്കാരം പലയിടത്തുമുണ്ട്. കല്യാണത്തിനുപുറമെ പതിനായിരങ്ങളാണ് ഈ വകയിൽ ചെലവാകുന്നത്. കല്യാണവീടുകളിൽ സഹായിക്കാനെന്ന വ്യാജേന മദ്യം ആവശ്യപ്പെടുന്നവരും ഉണ്ട്.
മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന സംഘങ്ങൾ കുളമാക്കിയ കല്യാണങ്ങൾ ഏറെയാണ്. ഭക്ഷണം കഴിക്കാനെത്തുന്ന സ്ത്രീകൾ അടക്കമുള്ളവർക്കും ഇത്തരക്കാർ ശല്യം തന്നെ. കല്യാണത്തലേന്ന് പാട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് തോട്ടടയിൽ സംഘർഷത്തിലേക്കും കൊലയിലേക്കും നയിച്ചത്. കല്യാണവീടുകളിൽ ഹരം പകരാൻ തലേന്ന് രാത്രി ഗാനമേളയും ഉച്ചഭാഷിണിയിൽ വർധിച്ച ശബ്ദത്തിൽ പാട്ടുവെക്കുന്നതും മിക്കയിടങ്ങളിലുമുണ്ട്.
കല്യാണവുമായി ബന്ധപ്പെട്ട് വധുവിന്റെയോ വരന്റെയോ വീട്ടിലേക്കോ ചടങ്ങ് നടക്കുന്ന ഓഡിറ്റോറിയത്തിലേക്കോ പോകാൻ കല്യാണ പാർട്ടിക്ക് പുറമെ ചെറുപ്പക്കാർക്കായി പ്രത്യേകം വാഹനം ഉണ്ടാവാറുണ്ട്. പലപ്പോഴും സഞ്ചരിക്കുന്ന ബാറുകളാണ് ഇത്തരം വണ്ടികൾ.
റോഡിൽ മറ്റു വാഹനങ്ങൾക്ക് ശല്യമുണ്ടാക്കുന്നതും മറ്റ് നാട്ടുകാരുമായി കൊമ്പുകോർക്കുന്നതും നിത്യസംഭവങ്ങൾ. ചിലപ്പോഴൊക്കെ അധികാരവും കായികബലവും കാണിക്കാനുള്ള വേദികളാകാറുണ്ട് കല്യാണവീടുകൾ. വിവാഹവേദിയിൽ സ്ത്രീകളെ ശല്യം ചെയ്യൽ, കമൻറടി തുടങ്ങിയവയെല്ലാം പലപ്പോഴും സംഘർഷത്തിലാണ് കലാശിക്കുക.
വിവാഹാഭാസം ചോദ്യം ചെയ്യുന്നവർക്കുനേരെ തെറിവിളിയും മർദനവും അഴിച്ചുവിടുന്ന സംഭവങ്ങൾ ഏറെയാണ്. നാലുവർഷം മുമ്പ് പുത്തൂരിൽ വിവാഹാഭാസം ചോദ്യം ചെയ്ത എലാങ്കോട് സ്വദേശിയെയും വീട്ടുകാരെയും വീടുകയറി ഒരുസംഘം മർദിച്ചിരുന്നു.
ലഹരിയിലിരിക്കുന്ന യുവാക്കളെ ചോദ്യം ചെയ്യാൻ പലരും തയാറാവാറില്ല. കല്യാണവീടുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവർ പലപ്പോഴും നിയമനടപടി നേരിടാറില്ല. ക്ഷണിക്കപ്പെട്ട് എത്തിയവരെ എങ്ങനെ പൊലീസിലേൽപിക്കുമെന്ന ഗൃഹനാഥന്റെ ദയനീയ വാക്കുകൾക്കുമുന്നിൽ നാട്ടുകാരും അലിയുകയാണ് പതിവ്. രണ്ടുവർഷം മുമ്പ് തലശ്ശേരി കോടിയേരിയിലെ കല്യാണവീട്ടിലെ ആഭാസത്തരവും അതിനെ ചോദ്യം ചെയ്തതും നാട്ടുകാർ തമ്മിലുള്ള പോരായി മാറിയിരുന്നു. സംഘർഷം തെരുവിലെത്തിയതോടെ പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.
കണ്ണൂർ: വിവാഹങ്ങളുടെ ഭാഗമായി നടക്കുന്ന അരാജക പ്രവണതകളും ആഭാസങ്ങളും അവസാനിപ്പിക്കാൻ പൊതു സമൂഹം മുന്നിട്ടിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി. തുടർച്ചയായ സംഘർഷങ്ങൾക്കും കൊലപാതകത്തിനുംവരെ വിവാഹ ആഭാസങ്ങൾ കാരണമായിത്തീരുകയാണ്. നാട്ടിൽ പിടിമുറുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ലഹരി മാഫിയയെ ഒറ്റപ്പെടുത്താനും കൗതുകത്തിനാരംഭിക്കുന്ന വിവാഹ ആഭാസങ്ങൾ നിരുത്സാഹപ്പെടുത്താനും എല്ലാവരും തയാറാകണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.