മുടി മുറിച്ചും 'ഫാഷൻ പരേഡ്'​ നടത്തിയും​ റാഗിങ്​: എട്ട് പ്ലസ്‌ടു വിദ്യാർഥികൾക്കെതിരെ കേസ്

മഞ്ചേശ്വരം: മുടിമുറിച്ചും ഫാഷൻ പരേഡ് മാതൃകയിൽ നടത്തിച്ചും നവാഗതരായ പ്ലസ്‌വൺ വിദ്യാർത്ഥികളെ പ്രാകൃത രീതിയിൽ റാഗിങ്ങിനിരയാക്കിയതായി പരാതി​. വീഡിയോ നവ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എട്ട് പ്ലസ്‌ടു വിദ്യാർഥികൾക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉപ്പള ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്‌ടു വിദ്യാർഥികളായ എട്ടു പേർക്കെതിരെയാണ് കേസ്.

റാഗിങ്ങിന് ഇരയായ കുട്ടികളിൽ മഞ്ചേശ്വരം സത്യടുക്ക സ്വദേശിയായ പ്ലസ്‌വൺ വിദ്യാർഥിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്​. കഴിഞ്ഞ വ്യാഴാഴ്ച ആണ് റാഗിങ്​ നടന്നത്. സ്‌കൂളിന് സമീപത്തെ ദേശീയപാതക്ക് മുൻവശമുള്ള കടയിൽ വെച്ചായിരുന്നു സംഭവം.

സത്യടുക്ക സ്വദേശിയായ വിദ്യാർഥിയുടെ മുടി കത്രിക കൊണ്ട് മുറിച്ചു മാറ്റുന്ന വീഡിയോ ആണ് വ്യാഴാഴ്ച വൈകീ​ട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പിന്നാലെ, മറ്റു വിദ്യാർഥികളെ സ്‌കൂൾ വരാന്തകളിൽ ഫാഷൻ പരേഡ് മാതൃകയിൽ നടത്തിക്കുകയും പാട്ട് പാടിക്കുകയും ചെയ്യുന്ന വീഡിയോകളും പ്രചരിച്ചു തുടങ്ങി.

സംഭവം വിവാദമായതോടെ കേസെടുക്കാൻ പൊലീസിൽ സമ്മർദം മുറുകിയെങ്കിലും പരാതി നൽകാൻ റാഗിങ്ങിന് ഇരയായ കുട്ടികൾ തയ്യാറായില്ല. സ്‌കൂളിന് പുറത്തു നടന്ന സംഭവം ആയതിനാൽ പരാതി നൽകേണ്ടെന്ന നിലപാടിലാണ് സ്‌കൂൾ അധികൃതർ എത്തിച്ചേർന്നത്.

എന്നാൽ, വെള്ളിയാഴ്ച വൈകീ​ട്ടോടെ സത്യടുക്ക സ്വദേശിയായ വിദ്യാർഥിയുടെ ബന്ധുക്കൾ ഇടപ്പെട്ട് കേസ് കൊടുക്കാൻ തയ്യാറാവുകയായിരുന്നു. സമാന രീതിയിൽ ബേക്കൂർ ഹയർ സെക്കൻഡറി സ്‌കൂളിലും റാഗിങ്​ നടന്നതായി പരാതിയുണ്ട്. എന്നാൽ, ഇവിടെ നിന്നും പരാതി വരാത്തതിനാൽ കേസെടുത്ത്​ അന്വേഷിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

ബാലാവകാശ കമ്മീഷൻ കേസെടുത്തു: അന്വേഷണത്തിന് ഉത്തരവ്

മഞ്ചേശ്വരം: ഉപ്പള ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർഥികളെ പ്ലസ്‌ടു വിദ്യാർഥികൾ റാഗിങ്​ നടത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. റാഗിങ്​ നടത്തിയ വിഡിയോകൾ സോഷ്യൽ മീഡിയ വഴിയും, ദൃശ്യ മാധ്യമങ്ങൾ വഴിയും കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുത്തത്.

സംഭവം അന്വേഷിച്ച്​ റിപ്പോർട്ട് റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി, പൊതുവിദ്യാഭ്യാസ വകുപ്പ്​ ഡയറക്ടർ എന്നിവർക്ക് നിർദ്ദേശം നൽകി.

റാഗിങ്​ കേസുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യാൻ ശനിയാഴ്ച പി.ടി.എയുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടികൾ യോഗത്തിൽ കൈകൊള്ളുമെന്നാണ് വിവരം.


പൊലീസിനെ ഭീഷണിപ്പെടുത്തിയ ഷമീം മഹ്​ദി അറസ്റ്റിൽ; പിടികൂടിയത്​ ഇൻസ്റ്റ ഗ്രാമിൽ വിഡിയോ ചെയ്​ത്​ മണിക്കൂറുകൾക്കകം

നാദാപുരം (കോഴിക്കോട്): കടമേരിയിൽ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം നടത്തിയ ശേഷം പൊലീസിനെ ഭീഷണിപ്പെടുത്തി ഇൻസ്റ്റ ഗ്രാമിൽ വിഡിയോ പോസ്റ്റ്​ ചെയ്​ത ഗുണ്ട അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ സ്വദേശി ചാണ്ടി ഷമീം എന്ന ഷമീം മഹ്ദിയെയാണ് നാദാപുരം പൊലീസ്​ പിടികൂടിയത്. കണ്ണൂർ പൊലീസിന്‍റെ സഹായത്തോടെ പുലർച്ചെ മുതൽ നടത്തിയ തിരച്ചിലിലാണ് ഷമീം കണ്ണൂർ കക്കാടുള്ള ബന്ധു വീട്ടിൽ വെച്ച്​ നാദാപുരം പൊലീസിന്‍റെ പിടിയിലായത്. പ്രതിയെ നാദാപുരം മജിസ്ട്രേറ്റ് കോടതി റിമാൻഡ്​ ചെയ്തു.

ചൊവ്വാഴ്ച രാത്രിയിലാണ് മയക്കു മരുന്ന് വിതരണ സംഘത്തിൽപെട്ടവർ കടമേരിയിൽ എത്തി നാട്ടുകാർക്കെതിരെ അക്രമം അഴിച്ചു വിട്ടത്. ഇവരുടെ അക്രമണത്തിൽ നിരവധി പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. പ്രദേശത്തെ കഞ്ചാവ് വിതരണ സംഘത്തലവനായ പാറേമ്മൽ നിയാസുമായുള്ള സാമ്പത്തിക ഇടപാട് തർക്കം ചർച്ച ചെയ്യാനാണ് കണ്ണൂരിൽ നിന്നും ക്രിമിനൽ സംഘം കടമേരിയിലെ നിയാസിന്‍റെ വീട്ടിൽ എത്തിയത്.

ഇവർ തമ്മിൽ ഉണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരെയാണ് ക്രിമിനൽ സംഘം ആയുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപിച്ചത്. സ്ഥലത്ത് നിന്നും പൊലീസ് പിടികൂടിയ മറ്റൊരു പ്രതി കണ്ണൂർ നാറാത്തെ സഅദ് റിമാൻഡിലാണ്. എട്ടു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കടമേരിയിലെ ആക്രമണത്തിന് ശേഷം സ്വദേശമായ കണ്ണൂർ നാറാത്തേക്ക് രക്ഷപ്പെട്ട ഷമീമിനെ നാദാപുരം പൊലീസ് ഫോൺ ലൊക്കേഷൻ നോക്കി പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു. സാഹസികമായി ഇയാളുടെ വാഹനം പിന്തുടർന്ന പൊലീസ് കണ്ണൂർ കക്കാട് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മയക്കുമരുന്നിനും കഞ്ചാവിനും അടിമയായ ഇയാൾ ആത്മീയ പരിവേഷം ലഭിക്കാനുള്ള വേഷ വിധാനങ്ങളും ഉപയോഗിച്ചിരുന്നു.

കണ്ണൂർ ജില്ലയിൽ 30 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. ആക്രമണത്തിന് പിന്നാലെ പൊലീസിനെതിരെ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിരുന്നു. അക്രമസംഘത്തിലെ ഒരാളെന്ന് അവകാശപ്പെട്ടാണ് നാദാപുരം എസ്.ഐയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്​. 'സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവന് ഭീഷണിയാണ്'- എന്നാണ് ഷമീം വീഡിയോയിൽ പറഞ്ഞത്. സോഷ്യൽ മീഡിയ പേജിലൂടെ നാദാപുരം പൊലീസിനും നാട്ടുകാർക്കുമെതിരെ ഇയാൾ നിരവധി ഭീഷണി സന്ദേശങ്ങളും അയച്ചിരുന്നു. ഇതിന്​ പിന്നാലെ മണിക്കൂറുകൾക്കകം തന്നെ ഷമീം പിടിയിലായി.

എ.എസ്.ഐ മനോജ്‌ രാമത്ത്‌, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഷാജി, സന്തോഷ്‌ മലയിൽ, ഡ്രൈവർ പ്രദീപൻ എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ കീഴടക്കിയത്.

അക്രമി സംഘം സഞ്ചരിച്ച ഒരു വാഹനവും നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കടമേരി സ്വദേശിയുമായി ചില സാമ്പത്തിക ഇടപാടുള്ള കണ്ണൂരിലെ ഹാനിയെന്നയാളുടെ സംഘമാണ് അക്രമമുണ്ടാക്കിയത്. ഇയാളുടെ വാഹനം കടമേരി സ്വദേശി നാട്ടിലെത്തിച്ചിരുന്നു. ഇത് തിരികെ പിടിക്കാനാണ് സംഘം എത്തിയത്. ഈ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം എടുത്ത സ്ഥലത്തെത്തിക്കണമെന്നും ഷമീം മഹ്​ദിയുടെ ഭീഷണിയിലുണ്ട്.

Tags:    
News Summary - ragging: Case against eight plus two students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.