കൊല്ലേങ്കാട് (പാലക്കാട്): നെന്മാറ അയിലൂരിൽ കാമുകിയെ യുവാവ് പത്തുവർഷം മുറിയിൽ താമസിപ്പിച്ച സംഭവത്തിൽ അവ്യക്തതയില്ലെന്ന് ആവർത്തിച്ച് പൊലീസ്. റഹ്മാെൻറയും സജിതയുടെയും മൊഴികളിൽ പൊരുത്തക്കേടില്ലെന്ന് നെന്മാറ പൊലീസ് അറിയിച്ചു. അയൽവാസികളായ സജിതയും റഹ്മാനും കുട്ടിക്കാലം മുതൽ പ്രണയത്തിലായിരുന്നു. 2010 ഫെബ്രുവരി രണ്ടിനാണ് സജിതയെ കാണാതായത്. 18 വയസ്സായിരുന്നു അപ്പോൾ പ്രായം.
അതിന് ഒരുവർഷം മുമ്പ് ഇരുവരും നെല്ലിക്കുളങ്ങര കാവിലെത്തി വീട്ടുകാരറിയാതെ, രഹസ്യമായി താലി ചാർത്തിയിരുന്നതായി പറയുന്നു. സജിതക്ക് വിവാഹാലോചന വന്നതോടെയാണ് സ്വന്തം വീട് വിട്ട്, റഹ്മാെൻറ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചത്. ഒരാഴ്ചക്കുശേഷം മറ്റൊരിടത്തേക്ക് താമസം മാറാമെന്നായിരുന്നു ഇരുവരുടെയും പ്രതീക്ഷ. സാമ്പത്തിക ബുദ്ധിമുട്ടിനാൽ പിന്നീട് ആ ജീവിതം വർഷങ്ങൾ നീണ്ടു. സജിതയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ നെന്മാറ പൊലീസ് 2010ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മൂന്നുവർഷത്തോളം അന്വേഷിച്ചു. റഹ്മാനെയും സംശയിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയില്ല. അങ്ങനെയാണ് കേസവസാനിപ്പിച്ചത്. റഹ്മാെൻറയും സജിതയുടെയും മൊഴികളിൽ അവിശ്വസനീയമായി ഒന്നുമില്ല.
എല്ലാ ദിവസവും മുറിയിൽ ഒതുങ്ങിക്കഴിയുകയായിരുന്നില്ല. വീട്ടിലുള്ള മറ്റുള്ളവർ പുറത്തുേപാകുേമ്പാൾ ഇരുവരും വീട്ടിെൻറ മറ്റിടങ്ങളിൽ പോയിട്ടുണ്ട്. അടുക്കളയിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കഴിച്ചിട്ടുണ്ട്. സജിത പ്രാഥമികാവശ്യം നിറവേറ്റിയിരുന്നത് രാത്രിയിൽ മാത്രമായിരുന്നില്ല, പകലും പോകാറുണ്ടായിരുന്നു. പകൽ, റഹ്മാൻ ജോലിക്ക് പോകുേമ്പാൾ ഹെഡ്സെറ്റ് വെച്ച് ടി.വി കണ്ടാണ് സജിത സമയം ചെലവഴിച്ചത്. അഴികൾ മുറിച്ച ജനൽ വഴി അർധരാത്രി ഇരുവരും പുറത്തിറങ്ങി നടന്നിരുന്നു. മുറിയിൽ കയറാൻ വീട്ടിലുള്ള ആരെയും റഹ്മാൻ അനുവദിച്ചിരുന്നില്ല. ഭക്ഷണം മുറിയിൽ കൊണ്ടുവന്ന് മാത്രമേ കഴിക്കാറുള്ളൂ. പുറത്തുനിന്നാരും വാതിൽ തുറക്കാതിരിക്കാൻ വേണ്ടിയാണ് ഇലക്ട്രിക് സംവിധാനം റഹ്മാൻ ഘടിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. സജിതയുമായുള്ള ബന്ധം റഹ്മാെൻറ മാതാപിതാക്കൾക്ക് ഇഷ്ടമായിരുന്നില്ല.
സജിതയെ വിടാൻ റഹ്മാനും ഒരുക്കമായിരുന്നില്ല. റഹ്മാന് മനോരോഗമാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. ചികിത്സക്ക് മന്ത്രവാദികളുടെ അടുത്തേക്ക് പലതവണ കൊണ്ടുപോയിട്ടുണ്ട്. വീട്ടിലും മന്ത്രവാദികളെ കൊണ്ടുവന്നു. സാമ്പത്തിക ബുദ്ധിമുട്ടാണ് തറവാട് വീട്ടിൽതന്നെ തുടരാൻ കാരണം.
റഹ്മാൻ തന്നെ നല്ലപോലെ നോക്കിയിട്ടുണ്ടെന്നും പരാതിയില്ലെന്നുമാണ് സജിത മൊഴി നൽകിയത്. സജിതയുടെ മാതാപിതാക്കൾക്ക് റഹ്മാനോടൊപ്പം കഴിയുന്നതിൽ പരാതിയില്ല. കോടതി നിർദേശപ്രകാരമാണ് ഇരുവരെയും ഒന്നിച്ചുകഴിയാൻ അനുവദിച്ചത്. ജില്ല ആശുപത്രിയിലെ ഡോക്ടർമാർ ഇരുവർക്കും കൗൺസലിങ് നൽകി.
കൊല്ലേങ്കാട്: തങ്ങളെ വേട്ടയാടരുതെന്നും ജീവിക്കാൻ അനുവദിക്കണമെന്നും പത്തുവർഷം ഒളിവിൽ കഴിഞ്ഞ സജിതയും റഹ്മാനും. സജിതക്ക് ഒരു ബുദ്ധിമുട്ടും വീട്ടിലുണ്ടായിട്ടില്ലെന്ന് റഹ്മാൻ പറഞ്ഞു. നല്ലതുപോലെ നോക്കിയെന്ന് അവൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. സജിതയുടെ മാതാപിതാക്കൾക്കും ബന്ധം തുടരുന്നതിൽ സന്തോഷമേയുള്ളൂ. വിവാദങ്ങൾ തങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും റഹ്മാൻ പറഞ്ഞു.
ചെയർപേഴ്സൻ ഇന്ന് നെന്മാറയിൽ
കൊല്ലേങ്കാട്: യുവതിയെ ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ സംസ്ഥാന വനിത കമീഷൻ തിങ്കളാഴ്ച അന്വേഷണം ആരംഭിക്കും. ചെയർപേഴ്സൻ എം.സി. ജോസഫൈൻ, കമീഷൻ അംഗം അഡ്വ. ഷിജി ശിവജി എന്നിവർ നെന്മാറ സന്ദർശിച്ച് മൊഴി രേഖപ്പെടുത്തും. കേട്ടുകേൾവിയില്ലാത്ത സംഭവമാണ് നെന്മാറയിൽ നടന്നതെന്ന് കമീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. ഏത് ദമ്പതികൾക്കും സ്വതന്ത്രമായും സമാധാനപരമായും ജീവിക്കാൻ അവകാശമുണ്ട്. എന്നാൽ, 10 വർഷം ആരും കാണാതെയും പുറത്തിറങ്ങാതെയും ഒരു പെൺകുട്ടി മുറിയിൽ കഴിെഞ്ഞന്നതിൽ അസ്വാഭാവികതയുണ്ട്. ദീർഘമായ ഇൗ കാലയളവിൽ സജിതയുടെ മാനസിക, ശാരീരിക ആവശ്യങ്ങൾ എങ്ങനെ നടന്നെന്നും മറ്റും പരിശോധിക്കപ്പെടണം.
100 മീറ്റർ മാത്രം അകലെയുള്ള വീട്ടിൽ പെൺകുട്ടി ഇത്രയുംകാലം മാതാപിതാക്കളറിയാതെ താമസിച്ചിട്ടും പൊലീസിന് കണ്ടെത്താൻ കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണ്. സജിതയെ കാണാതാകുന്നതിനു മുമ്പു വരെ റഹ്മാനും സജിതയും പരസ്പരം ഫോണിൽ സംസാരിച്ചെന്നത് ഇരുവീട്ടുകാർക്കും അറിയാവുന്നതാണ്. നെന്മാറ പൊലീസിൽ ലഭിച്ച പരാതിയിൽ ഫോൺകാൾ എന്തുകൊണ്ട് പരിശോധിക്കപ്പെട്ടില്ല. സാധാരണക്കാരായ വീട്ടിലെ പെൺകുട്ടി കാണാതാകുേമ്പാൾ പൊലീസിെൻറ അന്വേഷണത്തിലെ അപാകതകൾ ആവർത്തിക്കപ്പെടരുതെന്നും ഷാഹിദ കമാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.