കോഴിക്കോട്: വിഘടിച്ചു കിടക്കുന്ന ഹൈന്ദവരെ പേടിപ്പിച്ച് ഒന്നിപ്പിക്കാൻ തീവ്ര ഹിന്ദുക്കൾ ഉപയോഗിക്കുന്ന തന്ത്രമാണ് ലവ് ജിഹാദ്, ഹലാൽ ജിഹാദ് പോലുള്ള ആഖ്യാനങ്ങളെന്ന് വലതുപക്ഷ നിരീക്ഷകൻ രാഹുൽ ഈശ്വർ. എപ്പോഴും ഒരു ശത്രുവിനെ/ അപരനെ സൃഷ്ടിക്കുകയും ആ ശത്രുവിനെ ചൂണ്ടിക്കാണിച്ച് അവർ ആക്രമിക്കാൻ വരുന്നുണ്ടെന്നും ഭയപ്പെടുത്തി വളഞ്ഞ വഴിയിൽ ഹൈന്ദവ ഏകീകരണം സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. ‘കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട് ഒരു ടി.വി ചാനലിൽ നടന്ന ചർച്ചയിൽ സംസാരിക്കവെയാണ്, സംഘ്പരിവാർ പാനലിസ്റ്റിനുള്ള മറുപടിയായി രാഹുൽ ഇങ്ങനെ പറഞ്ഞത്.

‘‘മുസ്‍ലിംകൾക്ക് വെള്ളിയാഴ്ചയും ക്രൈസ്തവർക്ക് ഞായറാഴ്ചയും അവരുടെ ആരാധനാലയങ്ങളിൽ ഒന്നിച്ചുചേരാൻ കഴിയുന്ന പോലെ ഹൈന്ദവർക്ക് ഒരു അവസരമില്ല. അതുകൊണ്ട്, അവരെ ഒന്നിപ്പിക്കാൻ ഇതുപോലുള്ള ദുർവാദങ്ങൾ ഉപയോഗിക്കപ്പെടുകയാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞ് മുസ്‍ലിമിനെ അപരനാക്കി നിർത്തും. അത് ഹിന്ദുക്കൾക്ക് സ്വത്വബോധവും ആത്മീയതയും ഇല്ലാത്തതുകൊണ്ടാണ്.

ഈ ആത്മീയ ശൂന്യത മുസ്‍ലിം അപരത്വമായി പ്രതിഫലിക്കുകയാണ്. ഹിന്ദുവിന്റെ ആത്മീയ മൂല്യങ്ങൾ മുസ്‍ലിമിന്റെ മേൽ കുതിര കയറാൻ ഉപയോഗിക്കപ്പെടുകയാണ്. ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞാൽ ലാൻഡ് ജിഹാദ് ഉണ്ടെന്ന് പറയും. അതില്ലെന്ന് പറഞ്ഞാൽ ഹലാൽ ജിഹാദെന്നും തുപ്പൽ ജിഹാദെന്നും ഹിജാബ് ജിഹാദെന്നും പറഞ്ഞുകൊണ്ടിരിക്കും. ഞങ്ങളുടെ മനസ്സിലെ വിഹ്വലതയാണിത്.’’ -രാഹുൽ വിശദീകരിക്കുന്നു.

‘‘ഒരാൾ ആക്രമിക്കാൻ വരുന്നൂവെന്ന് പറഞ്ഞാലേ ഞങ്ങളുടെ ആൾക്കാർക്ക് ഒരു ‘ഗുമ്മ്’ ഉള്ളൂ. അസംഘടിതരായി കിടക്കുന്നതുകൊണ്ട് മതപരിവർത്തനം എന്നു കേൾക്കുമ്പോൾ ഒരു സിനിമയുടെ വിഷയമല്ലിത്. ഞങ്ങൾ ഹിന്ദുക്കൾക്കുണ്ടാകുന്ന ഈ അരക്ഷിതബോധവും ഒരു അപരനെ അപ്പുറത്ത് വേണമെന്നുള്ള ചിന്തയും ആ ശത്രു ഞങ്ങളുടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്നുപറഞ്ഞ് പേടിപ്പിച്ച് ഞങ്ങളുടെ ആൾക്കാരെ ഒന്നിപ്പിക്കാനുള്ള തന്ത്രവും എന്നിങ്ങനെ ഒരുപാട് തലങ്ങൾ ഇതിലുണ്ട്’’ -അദ്ദേഹം പറയുന്നു. ഒന്നുരണ്ടു നിർബന്ധിത മതപരിവർത്തനങ്ങളുണ്ടായി. ഇതിനെ ലവ് ജിഹാദ് എന്നു പറയലല്ല, നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം കൊണ്ടുവരുകയാണ് വേണ്ടതെന്നും രാഹുൽ ആവശ്യപ്പെട്ടു.

മിതവാദ ഗാന്ധിയൻ ഹൈന്ദവതയിൽ നിന്ന് നെഹ്റുവിന്റെ ലെഫ്റ്റ് ലിബറൽ പാതയിൽ പോയതു കൊണ്ടാണ് തീവ്രഹിന്ദുത്വം വളരുന്നതെന്നും കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇത് മനസ്സിലാക്കാത്തതാണ് ഏറ്റവും വലിയ പ്രശ്നമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Rahul Easwar react to love jihad issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.