ഡി.സി.സി അധ്യക്ഷൻമാരുടെ സാധ്യതാപട്ടിക രാഹുൽ ഗാന്ധിക്ക് കൈമാറി; അതൃപ്തി അറിയിച്ച് രമേശും ഉമ്മൻചാണ്ടിയും

ന്യൂഡൽഹി: ഡി.സി.സി അധ്യക്ഷന്മാരുടെ സാധ്യത പട്ടിക രാഹുൽ ഗാന്ധിക്ക് കൈമാറിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പട്ടികയിൽ ആർക്കും അതൃപ്തിയില്ലെന്ന് സുധാകരൻ ഡൽഹിയിൽ പറഞ്ഞു. അതേസമയം സാധ്യത പട്ടിക സംബന്ധിച്ച് വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതിയുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ സമീപിച്ചു.

കെ.പി.സി.സി അധ്യക്ഷന് പുറമെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ്, ടി. സിദ്ദിഖ് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു. ഗ്രൂപ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് ഉണ്ടാകരുതെന്ന് ഹൈക്കമാന്‍ഡ് നിർദേശിച്ചിരുന്നു. കഴിവ് മാത്രമായിരിക്കണം മാനദണ്ഡമെന്നും പട്ടികയിൽ യുവാക്കളുടെ കൂടുതൽ പങ്കാളിത്തം വേണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സാധ്യത പട്ടിക സംബന്ധിച്ച് ആർക്കും അതൃപ്തിയില്ലെന്ന് സുധാകരൻ പറയുമ്പോഴും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ച് കഴിഞ്ഞു. വേണ്ടത്ര കൂടിയാലോചന ഇല്ലാത്തതും ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പാക്കാത്തതും ദോഷം ചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. സാമുദായിക പരിഗണനകൾ കൂടി കണക്കിലെടുത്ത് ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക പ്രഖ്യാപിക്കും. അതിന് ശേഷം മാത്രമേ കെ.പി.സി.സി ഭാരവാഹി പട്ടിക ചർച്ചകളിലേക്ക് കടക്കൂ.

Tags:    
News Summary - Rahul Gandhi handed over list of possible DCC presidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.