ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പ്രദേശങ്ങൾ വ്യാഴാഴ്ച സന്ദർശിക്കും. ദുരന്തബാധിതരെ ഇരുവരും നേരിൽ കാണുമെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വയനാട്ടിലേക്ക് പുറപ്പെടാനുള്ള തീരുമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
മേപ്പാടിയിലെ സ്കൂളുകളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും പരിക്കേറ്റവരെ ചികിത്സിക്കുന്ന വിംസ് ആശുപത്രിയിലും രാഹുലും പ്രിയങ്കയുമെത്തും. രാവിലെ ഡൽഹിയിൽനിന്ന് മൈസുരുവിലേക്ക് വിമാനത്തിലേക്കും തുടർന്ന് റോഡ് മാർഗവുമാകും ഇരുവരും എത്തുകയെന്നാണ് സൂചന. നേരത്തെ വയനാട്ടിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ, റായ്ബറേലി നിലനിർത്തി രാജിവെച്ചിരുന്നു. സഹോദരി പ്രിയങ്കയെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു
അതേസമയം വയനാട്ടിലെ ഉരുൾപൊട്ടലിൽ ഇരുനൂറിലേറെ പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഇരുനൂറോളം പേർ പരിക്കേറ്റ് ചികിത്സയിലുണ്ട്. 225 പേരെ കാണാനില്ലെന്നും റവന്യൂ വകുപ്പിന്‍റെ കണക്കുകളിൽ പറയുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ശക്തമാണ്. നാശനഷ്ടം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.