‘ഷാഫിക്കെതിരായ വർഗീയ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി, ചിതറിത്തെറിച്ചത് ശൈലജ എന്ന വ്യാജ ബിംബം’ -രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: ഷാഫി പറമ്പിലിനെ തകർക്കാനാണ് തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേന്നാൾ വൈകീട്ട് പൊട്ടിച്ച ‘കാഫിർ’ എന്ന വർഗീയ ബോംബ് കൊണ്ട് ശൈലജ സംഘം ശ്രമിച്ചതെങ്കിലും ആ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി, ശൈലജ എന്ന വ്യാജ ബിംബം ചിതറിത്തെറിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ലോക്സഭ തെരഞ്ഞെടുപ്പിന്റെ തലേന്ന് എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ​ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് സി.പി.എം സൈബർ ഗ്രൂപ്പുകളിലാണെന്ന പൊലീസ് റിപ്പോർട്ടിനെ കുറിച്ച് ഫേസ്ബുക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘നാല് വോട്ടിന് വേണ്ടി നാടിനെ വർഗീയമായി കീറിമുറിക്കുകയും, കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനത്തിൽ ഹൈലി സെക്കുലറായി നില്ക്കുന്ന ഷാഫി പറമ്പിലിനെ പോലെയൊരു ചെറുപ്പക്കാരനെ മതത്തിന്റെ കള്ളിയിൽപ്പെടുത്താൻ ശ്രമിച്ചതിനും ശൈലജയ്ക്കും സംഘത്തിനും വടകരയും കേരളവും നല്കിയ മറുപടിയാണ് ആ ഒരു ലക്ഷത്തിൽപ്പുറത്തുള്ള ഭൂരിപക്ഷം.

തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേന്നാൾ വൈകീട്ട് പൊട്ടിച്ച ‘കാഫിർ’ എന്ന വർഗീയ ബോംബ് കൊണ്ട് ഷാഫി പറമ്പിലിനെ തകർക്കാനാണ് ശൈലജ സംഘം ശ്രമിച്ചതെങ്കിലും ആ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി ചിതറി തെറിച്ചത് ശൈലജ എന്ന വ്യാജ ബിംബമാണ്…


മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകന്റേത് എന്ന പേരിൽ സിപിഎം പ്രചരിപ്പിച്ച ആ കാഫിർ വ്യാജ സ്ക്രീൻഷോട്ട് പോയ വഴി നോക്കൂ.

ഈ സ്ക്രീൻഷോട്ട് ആദ്യം വന്നത് 2024 ഏപ്രിൽ 25 ഉച്ചക്ക് 2.13 ന് ‘റെഡ് എൻകൗണ്ടർ’ വാട്സാപ്പ് ഗ്രൂപ്പിൽ. അത് അവിടെ പോസ്റ്റ് ചെയ്തത് റിബേഷ്.

പിന്നീട് 2024 ഏപ്രിൽ 25ന് തന്നെ ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്സാപ്പ് ഗ്രൂപ്പിൽ വരുന്നു. അത് പോസ്റ്റ് ചെയ്തത് സഖാവ് അമൽ റാം.

അതിന് ശേഷം 2024 ഏപ്രിൽ 25 മൂന്ന് മണിക്ക് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുന്നു. അത് പോസ്റ്റ് ചെയ്തത് സഖാവ് മനീഷ്.

പോരാളി ഷാജി ഫേസ്ബുക്ക് പേജിൽ ഈ സ്ക്രീൻഷോട്ട് അതിന്റെ അഡ്മിന് സഖാവ് അബ്ബാസ് പോസ്റ്റ് ചെയ്യുന്നത് രാത്രി 8.23ന്.

ഇതൊക്കെ കണ്ടെത്തിയത് ഞങ്ങൾ ആരുമല്ല, നിവൃത്തികേട് കൊണ്ട് കേരള പൊലീസ് തന്നെയാണ്. സിപിഎം നെ രക്ഷിക്കാൻ ചെറിയ പഴുതെങ്കിലും ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്ന കേരള പൊലീസിനെ കോടതി വരിഞ്ഞു മുറുക്കിയത് കൊണ്ടാണ് ഈ വിവരം പുറത്ത് വന്നത്…

എന്തായാലും വർഗീയമായി നാടിനെ വെട്ടി പരിക്കേൽപിക്കാൻ നിന്ന CPMന്റെ തനി രൂപം നാട് ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു…

ഇതിനിടയിൽ, പോരാളി ഷാജി അല്ല പോരാളി അബ്ബാസ് ആണെന്ന് കൂടി നമുക്ക് മനസ്സിലായി…

വാട മോനെ പോരാളി അബ്ബാസെ...!’’


Full View

Tags:    
News Summary - Rahul Mamkootathil about kafir screenshot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.