ബി.ജെ.പി ഓഫിസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് ഞാനാണോ? ശോഭ സുരേന്ദ്ര​ന്റെ ഫ്ലക്സ് വെച്ചതും കത്തിച്ചതും ഞാനാണോ? -തെളിയിക്കാൻ കെ. സുരേന്ദ്രനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: കൊടകര കുഴല്‍പ്പണ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയ ബി.ജെ.പി തൃശൂർ ജില്ല ഓഫിസ് സെക്രട്ടറി സതീശന്റെ വെളിപ്പെടുത്തലിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്ന കെ. സുരേന്ദ്രന്റെ ആരോപണം കത്തുന്നു. ഇതിന് പിന്നിൽ താനാണെന്ന് തെളിയിക്കാൻ സുരേ​ന്ദ്രനെ വെല്ലുവിളിക്കുന്നതായി പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

‘​വെറുതെ ആരോപണം ഉന്നയിക്കാതെ സു​​രേന്ദ്രൻ തെളിവുകൊണ്ടുവരൂ. ചാക്കിൽ കെട്ടി കോടികളുടെ കള്ളപ്പണം കൊണ്ടുവന്നു​വെന്ന് വെളിപ്പെടുത്തിയത് ബി.ജെ.പി ഓഫിസ് സെക്രട്ടറിയാണ്. ബി.ജെ.പി ഓഫിസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് ഞാനാണോ? പാലക്കാട് ശോഭ സുരേന്ദ്ര​ന്റെ ഫ്ലക്സ് വെച്ചത് ഞാനാണോ? ആ ഫ്ലക്സ് കത്തിച്ചതും ഞാനാണോ? ഇവിടെ പ്രസംഗിക്കാനെത്തിയ ബി.ജെ.പി നേതാവിനെ പ്രസംഗിക്കാൻ അനുവദിക്കാതെ തിരിച്ചയച്ചത് ഞാനാണോ?’ -ഇക്കാര്യങ്ങൾ തെളിയിക്കാൻ കെ. സുരേന്ദ്രനെ വെല്ലുവിളിക്കുന്നതായും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

കെ. സുരേന്ദ്രനെ രക്ഷിക്കാന്‍ ഇഡിയും കേരള പോലീസും തമ്മില്‍ മത്സരമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു. ബിജെപിയിലെ ഭിന്നതയില്‍ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍, ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു. ഈ ആരോപണം തെളിയിച്ചാല്‍ സുരേന്ദ്രന്‍ പറയുന്ന പണി ചെയ്യാം. കൊടകരയിലെ സിപിഎം ബിജെപി ഡീലിന്റെ ഭാഗമായാണ് പാലക്കാട് പാര്‍ട്ടി ചിഹ്നത്തെ ഡമ്മി ആക്കിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചിരുന്നു.

എന്നാൽ, തെളിവില്ലാത്ത കാര്യങ്ങള്‍ക്ക് ഒരാവശ്യവുമില്ലാതെ എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ സമയമില്ലെന്ന് കൊടകര കുഴല്‍പ്പണക്കേകേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കുഴല്‍പ്പണ കേസുമായി ബി.ജെ.പിയെ ബന്ധപ്പെടുത്താനാകുന്ന ഒന്നുമില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷിക്കണമെങ്കിൽ തെളിവു വേണം. രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാനില്ല. ഇതിനു പിന്നിൽ ആരാണെന്നു തനിക്കു വ്യക്തമായി അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - rahul mamkootathil against k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.