തിരുവനന്തപുരം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തിയിരുന്ന സി.പി.എമ്മിനെ നിയമസഭയിൽ സ്വകാര്യ സർവകലാശാല ബില്ലിൻമേൽ നടന്ന ചർച്ചയിൽ കടന്നാക്രമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.
നാട്ടിൽ എന്തിനെയും മുടക്കാൻ പിടിച്ചിറങ്ങുന്ന ചുവന്ന കൊടി കാരണം കേരളത്തിലെ വിദ്യാർഥികളുടെ പത്ത് വർഷമാണ് നഷ്ടമായതെന്ന് രാഹുൽ കുറ്റപ്പെടുത്തി.
സി.പി.എം പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് മാറുമ്പോൾ നിലവിലുള്ള എ.കെ.ജി സെന്‍ററിന്‍റെ ഭൂമിയിൽ പാർട്ടിക്ക് സ്വകാര്യ സർവകലാശാല തുടങ്ങാം. അതിന് ‘സഖാവ് പുഷ്പനെ അറിയാമോ മെമ്മോറിയൽ സർവകലാശാല’ എന്ന പേരും നൽകാമെന്നും രാഹുൽ പരിഹസിച്ചു.
അവിടെ ബോംബ് നിർമാണത്തെക്കുറിച്ചും ഡൈനാമേറ്റ് ഉപയോഗത്തെക്കുറിച്ചും പിച്ചാത്തി നിർമാണത്തെക്കുറിച്ചും കോഴ്സുകൾ പഠിപ്പിക്കാം. കാഫിർ സ്ക്രീൻ ഷോട്ട് പോലുള്ള വ്യാജ സ്ക്രീൻ ഷോട്ടുകൾ ഉണ്ടാക്കുന്നതും മാഷാ അല്ലാഹ് പോലുള്ള സ്റ്റിക്കർ ഉൽപ്പാദിപ്പിക്കുന്നതും പഠിപ്പിക്കാമെന്നും രാഹുൽ പരിഹസിച്ചു.
കേരളത്തിൽ വി.സിയും പ്രിൻസിപ്പലുമില്ലാത്ത സർവകലാശാലകൾക്കും കോളജുകൾക്കും ബഹുമതി നൽകുന്നവർക്കാണ് അവാർഡ് നൽകേണ്ടത്. പത്ത് വർഷം മുമ്പ് സ്വകാര്യ സർവകലാശാല ഇടതുപക്ഷം മുടക്കിയതിനെ തുടർന്ന് വിദേശത്തേക്ക് പോകുന്ന കുട്ടികളോട് സി.പി.എം മറുപടി പറയണം.
ഓരോ വിദ്യാർഥിയും 40ഉം 50ഉം ലക്ഷം രൂപയുടെ ബാധ്യതയുമായാണ് വിദേശത്തേക്ക് പോകുന്നത്. ആ ബാധ്യതക്ക് സി.പി.എം മറുപടി പറയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.