പാലക്കാട്: ബി.ജെ.പി കോട്ടകളിൽ വ്യക്തമായ മേധാവിത്തത്തോടെ മുന്നേറിയ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് പോസ്റ്റൽ വോട്ടിലും മുന്നിലെത്തിയത്. 2021ൽ ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ടായിരുന്ന തപാൽ വോട്ടിൽ 53 വോട്ടിന്റെ ഭൂരിപക്ഷമാണ് മാങ്കൂട്ടത്തിലിന് ലഭിച്ചത്. 336 വോട്ട് രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ചപ്പോൾ സി.കൃഷ്ണകുമാറിന് 283 വോട്ടാണ് ലഭിച്ചത്. പി.സരിൻ 158 വോട്ടുമായി മൂന്നാം സ്ഥാനത്താണ്.
ഒമ്പത് റൗണ്ട് വോട്ടണ്ണൽ പൂർത്തിയായപ്പോൾ 10291 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്. 40,126 വോട്ടുകൾ ലഭിച്ചപ്പോൾ സി.കൃഷ്ണകുമാർ 29,887 വോട്ടും പി.സരിൻ 20,685 വോട്ടുമാണ് ലഭിച്ചത്.
വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. എന്നാൽ, തുടർന്നുള്ള റൗണ്ടുകളിൽ രാഹുൽ മുന്നേറ്റമുണ്ടാക്കി. വീണ്ടും നേരിയ വോട്ടുകൾക്ക് കൃഷ്ണകുമാർ മുന്നിലെത്തി. എന്നാൽ, ഏഴാം റൗണ്ടിൽ കൂടുതൽ വോട്ടുകൾ സ്വന്തമാക്കി രാഹുൽ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
പാലക്കാട് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം ആരംഭിച്ചുകഴിഞ്ഞു. നീല ട്രോളിയുമായി പ്രവർത്തകർ പ്രകടനം നടത്തി. വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ രാഹുലിന് അഭിനന്ദനമറിയിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ഫേസ്ബുക് പോസ്റ്റിട്ടു. 'ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യു.ഡി.എഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി' -ബൽറാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.