ചാനൽ ചർച്ചക്കിടെ കെ റെയിലിനും എസ്.എഫ്.ഐക്കുമെതിരെ പറഞ്ഞപ്പോൾ ഭീഷണിമുഴക്കിയ സംഘത്തിനടുത്തേക്ക് നെഞ്ചുവിരിച്ച് ഇറങ്ങിച്ചെന്ന് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഇതോടെ വെല്ലുവിളിച്ചവർ നിശ്ശബ്ദരായെങ്കിലും കോൺഗ്രസ് പ്രവർത്തകരും അനുയായികളും രാഹുലിന് ചുറ്റും സുരക്ഷാ വലയം തീർത്ത് രംഗത്തുവന്നു.
കഴിഞ്ഞ ദിവസം മനോരമ ന്യൂസ് സംഘടിപ്പിച്ച കെ റെയിൽ ജംഗ്ഷൻ പരിപാടിയുടെ കോട്ടയം നട്ടാശേരിയിലെ വേദിയിലാണ് നാടകീയ രംഗങ്ങൾ. രാഹുലിനെ കൂടാതെ ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസ്, ബി.ജെ.പി നേതാവ് ലിജിൻലാൽ, സമരസമര സമിതി നേതാവ് മിനി കെ. ഫിലിപ്പ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. നാട്ടുകാരും വിവിധ പാർട്ടി പ്രവർത്തകരുമാണ് സദസ്സിലുണ്ടായിരുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ സംസാരിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരുയുവാവും കൂടെയുള്ളവരും 'ഇറങ്ങി വന്നാൽ കാണിച്ചുതരാമെന്ന' തരത്തിൽ രാഹുലിനെ വെല്ലുവിളിച്ചു. ഈ വെല്ലുവിളി സ്വീകരിച്ച് രാഹുൽ ഇറങ്ങുകയായിരുന്നു.
ചർച്ചയിൽ, കെ റെയിലിനെ അനുകൂലിച്ച് സദസ്സിലുണ്ടായിരുന്ന പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർഥിനി പറഞ്ഞതിനു പിന്നാലെയാണ് സംഭവം. പഠനത്തിന്റെ ഭാഗമായി എറണാകുളത്തുനിന്ന് കോട്ടയം വരെയും തിരിച്ചും ദിവസം 5 മണിക്കൂർ യാത്ര ചെയ്യുന്നുണ്ടെന്നും എറണാകുളത്ത് വീട് വാടകക്കെടുത്ത് നിൽക്കാൻ പണമില്ലെന്നുമായിരുന്നു വിദ്യാർഥിനി പറഞ്ഞത്. സിൽവർലൈൻ വന്നാൽ ദിവസവും വീട്ടിൽ പോയി വരാം എന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, ഈ ചോദ്യത്തിന് രാഹുൽ കണക്ക് നിരത്തി മറുപടി പറഞ്ഞു. 'കെ റെയിലിൽ യാത്ര ചെയ്യാൻ ദിവസം 1200 രൂപ ചെലവാകും. ഒരു മാസം 20 ദിവസം പോകാൻ 24,000 രൂപ ചിലവ്. അതിലും ഭേദം എറണാകുളത്ത് 5000 രൂപ കൊടുത്ത് ഹോസ്റ്റലിൽ നിൽക്കുന്നതാണ്. ഹോസ്റ്റൽ എസ്.എഫ്.ഐ നൽകിയില്ലെങ്കില്‍ ഞങ്ങൾ നൽകും' എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതോടെയാണ് സദസ്സിലുണ്ടായിരുന്ന ചിലർ 'ഇറങ്ങിവന്നാൽ കാണിച്ച് തരാമെന്ന്' വെല്ലുവിളിച്ചത്. പിന്നാലെ, രാഹുൽ വേദിയിൽ നിന്ന് ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.
സംഭവത്തിൽ, ഷാഫി പറമ്പിൽ, റിജിൽ മാക്കുറ്റി, വി.ടി. ബൽറാം, ടി. സിദ്ദീഖ് തുടങ്ങിയ കോൺഗ്രസ് യുവ നേതാക്കളെല്ലാം രാഹുലിന് പിന്തുണയുമായി രംഗത്തുണ്ട്. 'സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും പൂത്തുലഞ്ഞു നിൽക്കുന്ന ഏതൊരു ക്യാംപസിലും മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിക്ക് എതിർപാർട്ടിക്കാർ ആരെങ്കിലും പ്രസംഗിക്കാൻ എഴുന്നേറ്റാൽ കാണുന്ന പതിവ് ദൃശ്യം. ഇത്തവണ പക്ഷേ സ്ഥലം മാറിപ്പോയി, അപ്പുറത്ത് നിൽക്കുന്ന ആളും.' എന്നായിരുന്നു രാഹുലിന്റെ ചിത്രം പങ്കുവെച്ച് ബല്‍റാമിന്റെ കുറിപ്പ്. രാഹുലിനെ വെല്ലുവിളിച്ചയാളെ മാമുക്കോയയുടെ കീലേരി അച്ചു എന്ന കഥാപാത്രത്തോടുപമിക്കുന്ന ട്രോൾ പങ്കുവെച്ചാണ് ടി. സിദ്ദീഖ് എം.എല്‍.എയുടെ പരിഹാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.