പാലക്കാട്: ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന പൊലീസ് റിപ്പോർട്ടിൽ പ്രതികരിച്ച് പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. എന്ത് ചെയ്‌തിട്ടാണ് സർക്കാർ തന്നെ സ്ഥിരം കുറ്റവാളിയായി കാണുന്നതെന്ന് രാഹുൽ ചോദിച്ചു.
തന്നെ മാറ്റി നിർത്തി പാലക്കാട്ടെ വിധി അട്ടിമറിക്കാമെന്ന് കരുതിയാൽ പാലക്കാട്ടെ ജനത മറുപടി നൽകും. അത് താങ്ങാൻ സർക്കാറിന് കരുത്തുണ്ടാകണമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
പാലക്കാടൻ ജനതയെ കാണുന്നതിൽ നിന്ന് തന്നെ വിലക്കാൻ സർക്കാർ വ്യവസ്ഥ വെച്ചാൽ, അതു പ്രകാരം മാറാൻ താൻ ഉദ്ദേശിക്കുന്നില്ല. അവർ തന്നെ ജയിലിൽ ഇട്ടോട്ടെ എന്നും രാജ്യത്തെ എല്ലാ നിയമങ്ങളും പാലിക്കുന്ന ആളാണ് താനെന്നും രാഹുൽ പറഞ്ഞു. പൂരം കലക്കൽ ഗൂഢാലോചനക്കെതിരെയാണ് സമരം ചെയ്തതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഹരജി നൽകിയത്. എന്നാൽ, ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് റിപ്പോർട്ട് ആണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.
ഒക്ടോബർ എട്ടിന് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ നിയമസഭ മാർച്ചിനെ തുടർന്ന് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലാണ് രാഹുൽ. റിമാൻഡ് സമയത്ത് 29-ാം പ്രതിയായിരുന്ന രാഹുലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
സ്ഥാനാർഥി എന്ന നിലക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹരജി നൽകിയത്. ഇതിനെ എതിർത്ത പൊലീസ്, ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. രാഹുലിന്‍റെ അപേക്ഷയിൽ കോടതി വ്യാഴാഴ്ച ഉത്തരവിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.