മലപ്പുറം: റായ്ബറേലിയിൽ രാഹുൽ ഗാന്ധി ജയിച്ചത് അവിടെ മുസ്‍ലിംകൾ ഉള്ളതുകൊണ്ടല്ലെന്നും ജനം മാറ്റം ആഗ്രഹിച്ചതുകൊണ്ടാണ് വൻവിജയം യു.പിയിൽ ഉണ്ടായതെന്നും ഐ.എൻ.എൽ അഖിലേന്ത്യ അധ്യക്ഷൻ പ്രഫ. മുഹമ്മദ് സുലൈമാൻ. വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയത്തെകുറിച്ചുള്ള സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയ രാഘവന്‍റെ പ്രസ്താവനയെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മലപ്പുറത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജയരാഘവന്‍റെ പ്രസ്താവനയെകുറിച്ച് തനിക്ക് അറിയിച്ചില്ല. തെരഞ്ഞെടുപ്പ് വിജയങ്ങളെ ഹിന്ദു, മുസ്‍ലിം തുടങ്ങി സാമുദായിക വേർതിരിവുകളോടെ വീക്ഷിക്കരുത്. നമുക്ക് പാർലമെന്‍റിൽ പോരാളികളെയാണ് ആവശ്യം. ഭരണഘടനയും മതേതരത്വവും ഇല്ലായ്മ ചെയ്യാനുള്ള സംഘ് പരിവാറിന്‍റെ ആസൂത്രിത നീക്കത്തെ ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണം. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും ഒരിക്കൽ ഭൂമി വഖഫ് ചെയ്താൽ എല്ലായ്പ്പോഴും അത് വഖഫ് തന്നെയായിരിക്കുമെന്ന് പ്രഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു.
ഒരിക്കൽ ഒരു ഭൂമി വഖഫ് ചെയ്യപ്പെട്ടാൽ അത് പിന്നീട് ഒരിക്കലും മാറ്റാൻ പറ്റില്ല. ദൈവത്തിന്‍റെ ഭൂമിയാണ് വഖഫ്. ഫാറൂഖ് കോളജിന്‍റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വഖഫ് ഭൂമി ഉപയോഗിക്കാം. ഫാറൂഖ് കോളജ് മാനേജ്മെന്റ് വഖഫ് ഭൂമി മറ്റാർക്കെങ്കിലും വിറ്റിട്ടുണ്ടെങ്കിൽ
അത് തെറ്റാണ്. വിഷയം പരിശോധിക്കാൻ സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചിട്ടുണ്ട്. ക്രയവിക്രയങ്ങളിലെ ശരിതെറ്റുകൾ കമീഷൻ പരിശോധിക്കട്ടെ. മുനമ്പത്തെ വഖഫ് ഭൂമി ചില ശക്തികൾ അന്യായമായി കൈവശം വെച്ചിട്ടുണ്ട്. അനധികൃതമായി കുടുംബങ്ങൾ താമസിച്ചുവരുന്നുണ്ടെങ്കിൽ അവരെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കുകയാണ് വേണ്ടെതെന്നും പ്രഫ. മുഹമ്മദ് സുലൈമാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.