കാസർകോട്: നായ്ക്കളുമായി തിരുവനന്തപുരത്തേക്ക് പോകാനെത്തിയ യുവതിയുടെ യാത്ര മുടങ്ങി. ഉപ്പളയിൽ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഷലീന ശിവൻപിള്ളക്കാണ് നായ്ക്കളെ കൊണ്ടുപോകുന്ന ബോക്സ് ലഭിക്കാത്തതിനാൽ യാത്രചെയ്യാൻ കഴിയാതിരുന്നത്.
ശനിയാഴ്ച വൈകീട്ടുള്ള മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിന് പോകാൻ രണ്ട് ജർമൻ െഷപ്പേഡ് നായ്ക്കളുമായാണ് ഷലീന കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയത്.
നായ്കൾക്ക് മുൻകൂറായി യുവതി ടിക്കറ്റ് ബുക്ക്ചെയ്തിരുന്നു. എന്നാൽ, ഒരു ബോക്സിൽ രണ്ടു നായ്ക്കളെ കൊണ്ടുപോകാനാവില്ല എന്ന കാരണത്താൽ റെയിൽവേ അധികൃതർ ഇവർക്ക് യാത്രാനുമതി നിഷേധിക്കുകയായിരുന്നു.
യുവതി കരഞ്ഞുപറഞ്ഞിട്ടും കാസർകോട് റെയിൽവേ സ്റ്റേഷൻ അധികൃതർ തങ്ങളുടെ നിലപാടിൽനിന്ന് പിറകോട്ടുപോയില്ല. ഇതിനിടയിൽ
മാവേലി എക്സ്പ്രസ് കാസർകോട് റെയിൽവേ സ്റ്റേഷൻ കടന്നുപോകുകയും ചെയ്തു. രാത്രി ഒറ്റക്ക് റെയിൽവേ സ്റ്റേഷനിൽ കരഞ്ഞുകൊണ്ടിരുന്ന ഷലീനയെ മറ്റു യാത്രക്കാർ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മാവേലി എക്സ്പ്രസിനുശേഷം മലബാർ എക്സ്പ്രസ് കാസർകോട് വഴി കടന്നുപോയെങ്കിലും അതിലും യുവതിക്ക് യാത്രാനുമതി ലഭിച്ചില്ല. എന്നാൽ, ഒരു നായുണ്ടെന്ന് മാത്രമേ യുവതി അറിയിച്ചിരുന്നുള്ളൂവെന്നും അതിനാൽ ഒരു ബോക്സ് മാത്രമാണ് കരുതിയതെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.