തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേഷനുകളിലെ തിരക്ക് കുറക്കാൻ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഉയർത്താമെന്ന് ഡിവിഷനുകളോട് റെയിൽവേ. സ്റ്റേഷനുകളിലെ തിരക്കും പ്രാദേശിക സാഹചര്യവും കണക്കിലെടുത്ത് അതാത് ഡിവിഷനൽ റെയിൽവേ മാനേജർമാർക്ക് നിരക്ക് നിശ്ചയിക്കാമെന്നാണ് റെയിൽവേ ബോർഡിെൻറ നിർദേശം.
കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ നിലവിൽ പ്ലാറ്റ്ഫോം ടിക്കറ്റുകൾ നൽകുന്നില്ല. കൺഫേം ടിക്കറ്റുകളുള്ളവരെ മാത്രമാണ് സ്റ്റേഷനിൽ പ്രവേശിപ്പിക്കുന്നത്. അതേസമയം കൂടുതൽ ട്രെയിനുകൾ ഒാടിത്തുടങ്ങുകയും സ്റ്റേഷനുകൾ സജീവമാവുകയും ചെയ്യുന്ന ഘട്ടങ്ങളിൽ സ്റ്റേഷനിലെ ആൾക്കൂട്ടം ഒഴിവാക്കാനാണ് ഇത്തരമൊരു നിർദേശം. നിരക്കുയരുന്നതോടെ യാത്രയയക്കാനും കൂട്ടാനുമെത്തുന്നവർ സ്റ്റേഷനിലേക്ക് കടക്കുന്നത് ഒഴിവാക്കാമെന്ന് റെയിൽവേയുടെ കണക്കുകൂട്ടൽ.
പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ നിരക്ക് ഏകീകൃത സ്വഭാവമുള്ളതല്ലെന്നും ആവശ്യമെങ്കിൽ മാറ്റാമെന്നും 2019ൽ റെയിൽവേ ബോർഡ് സർക്കുലറുണ്ട്. വിശേഷാവസരങ്ങളിൽ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിന് താൽക്കാലികമായി നിരക്ക് വർധന ഏർപ്പെടുത്താറുമുണ്ട്. ചെന്നൈയിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം ഡിവിഷന് കീഴിലെ സ്റ്റേഷനുകളിൽ തിരക്ക് പൊതുവേ കുറവാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുന്നതിനാൽ പ്ലാറ്റ്ഫോം നിരക്ക് വർധന ഏർപ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് ഡിവിഷനൽ കൊമേഴ്സ്യൽ വിഭാഗത്തിെൻറ വിലയിരുത്തൽ. വെസ്റ്റേൺ റെയിൽവേയിലെ രത്ലം ഡിവിഷന് കീഴിൽ 135 സ്റ്റേഷനുകളിലാണ് ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി കോവിഡ് കാരണമായി പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കുയർത്തിയത്. പത്ത് രൂപയിൽനിന്ന് 50 രൂപയായാണ് വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.