കാസർകോട്: പ്രമുഖ തീർഥാടനകേന്ദ്രമായ തിരുപ്പതിയിലേക്ക് മംഗളൂരുവിൽനിന്ന് ട്രെയിൻ സർവിസ് തുടങ്ങുന്നത് പരിഗണിക്കാമെന്ന് ദക്ഷിണ റെയിൽവേ. ബോർഡിെന്റ ടൈംടേബിൾ കമ്മിറ്റിയുടെ അടുത്ത യോഗം നിർദേശം പരിശോധിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
കഴിഞ്ഞയാഴ്ച നടന്ന പാലക്കാട് ഡിവിഷനിലെ എം.പിമാരുടെ യോഗത്തിലാണ് വിഷയം ചർച്ചയായത്. മംഗളൂരു സെൻട്രലിൽനിന്ന് ഹാസൻ വഴി ട്രെയിൻ വേണമെന്നാണ് ദക്ഷിണ കന്നഡ എം.പി യോഗത്തിൽ ആവശ്യപ്പെട്ടത്. മംഗളൂരുവിൽനിന്ന് ഏറ്റവും സൗകര്യപ്രദം പാലക്കാട് വഴിയാണെന്നിരിക്കെയാണ് ഇദ്ദേഹം കർണാടക വഴിയുള്ള നിർദേശം സമർപ്പിച്ചത്. നേരത്തെ മംഗളൂരുവിൽനിന്ന് ജമ്മുതാവി എക്സ്പ്രസ് തിരുപ്പതി വഴി സർവിസ് നടത്തിയിരുന്നു. കോവിഡ് ആയപ്പോൾ അത് നിർത്തുകയായിരുന്നു.
ആയിരക്കണക്കിന് പേരാണ് ദക്ഷിണ കന്നട ജില്ലയിൽനിന്ന് തിരുപ്പതി തീർഥാടനകേന്ദ്രത്തിലേക്ക് പോവുന്നത്. വിശേഷ ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം ഇരട്ടിയോളമാണ്. ദക്ഷിണ കന്നടയുടെ ആവശ്യമാണെങ്കിലും കേരളത്തിലെ എം.പിമാർ ശ്രമിച്ചാൽ അത് മലബാറിനുകൂടി പ്രയോജനകരമാകും. മംഗളൂരുവിൽനിന്ന് രാമേശ്വരം ദ്വൈവാര എക്സ്പ്രസിെന്റ കാര്യവും വീണ്ടും ചർച്ചയായി. എം.പിമാരുടെ യോഗത്തിൽ കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ വിഷയം ഉന്നയിച്ചുവെങ്കിലും റെയിൽവേ ബോർഡിെന്റ അനുമതിക്കായി കാത്തിരിക്കുന്നുവെന്നാണ് മറുപടി ലഭിച്ചത്.
മംഗളൂരു സെൻട്രലിൽനിന്ന് രാമേശ്വരത്തേക്കുള്ള ദ്വൈവാര ട്രെയിനിനുള്ള നിർദേശം ദക്ഷിണ റെയിൽവേ നാല് വർഷം മുമ്പ് റെയിൽവേ ബോർഡിന് സമയപ്പട്ടിക സഹിതം സമർപ്പിച്ചതാണ്. വർഷങ്ങളായിട്ടും ഇക്കാര്യത്തിൽ ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്ന് കുമ്പള റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നിസാർ പെർവാഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.