തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ കുറവുണ്ടായെങ്കിലും ജാഗ്രത പുലർത്തിയാണ് ജനങ്ങൾ കഴിഞ്ഞത്. എറണാകുളം ജില്ലയിൽ ബുധനാഴ്ച നേരിയ ചാറ്റൽമഴയാണ് കൂടുതലായും ലഭിച്ചത്. ശക്തമായ മഴയിൽ ഉയർന്ന പെരിയാറിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, മൂവാറ്റുപുഴയിൽ ഉയർന്ന ജലനിരപ്പ് തന്നെയാണുള്ളത്. മൂവാറ്റുപുഴയിലെ റോഡിൽ ഗർത്തം കണ്ടെത്തിയതോടെ ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഭൂതത്താൻകെട്ട് അണക്കെട്ടിലെ 15 ഷട്ടറും തുറന്നിരിക്കുകയാണ്.
•കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടെങ്കിലും ശക്തമല്ല. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അയ്മനം, തിരുവാർപ്പ്, കുമരകം, ഇല്ലിക്കൽ, ചെങ്ങളം, ഇറഞ്ഞാൽ, സംക്രാന്തി, നീലിമംഗലം, വൈക്കം ഭാഗങ്ങളെല്ലാം വെള്ളത്തിലാണ്. വൈക്കം തലയാഴത്ത് തോട്ടിൽ കുളിക്കാനിറങ്ങി കാണാതായ ഇണ്ടംതുരുത്ത് ലക്ഷം വീട് കോളനിയിൽ ദാസന്‍റെ (70) മൃതദേഹം കണ്ടെത്തി.
• ഇടുക്കിയിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയിൽ മഴക്ക് നേരിയ ശമനം. ഇതോടെ റെഡ് അലർട്ട് പിൻവലിച്ചു. എന്നാൽ, ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്ന വൈഗ അണക്കെട്ട് വ്യാഴാഴ്ച തുറക്കും. 128 കുടുംബത്തെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
• ആലപ്പുഴ ജില്ലയിൽ മഴക്ക് അൽപം കുറവുണ്ട്. ജില്ലയിൽ 18 വീടിന് ഭാഗിക നഷ്ടമുണ്ടായി. ഒരു വീട് പൂർണമായി തകർന്നു. അമ്പലപ്പുഴ താലൂക്കിലാണ് വീടുകൾക്ക് നാശനഷ്ടം ദുരിതാശ്വാസ ക്യാമ്പിൽ 44 കുടുംബത്തിലെ 167 പേർ കഴിയുന്നു.
• പത്തനംതിട്ട ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പമ്പ ഉൾപ്പെടെ നദികളിൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. പമ്പയിൽ ജലനിരപ്പ് അപകടകരമായ നിലയിലാണ്. ഇതുമൂലം അപ്പർ കുട്ടനാട് പ്രളയത്തിന്‍റെ വക്കിലായി. പമ്പയിൽ ജലനിരപ്പ് ഉയരുന്നതിനാൽ വ്യാഴാഴ്ച തുടങ്ങുന്ന ആറന്മുള വള്ളസദ്യക്ക് എത്തുന്ന പള്ളിയോടങ്ങളുടെ യാത്രക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശബരിമല നിറപുത്തരിക്ക് എത്തുന്ന ഭക്തരുടെ പമ്പാസ്നാനം അടക്കം വിലക്കിയിട്ടുമുണ്ട്.
• തൃശൂർ രാവിലെ മഴമാറി നിന്നെങ്കിലും ഉച്ചയോടെ ജില്ലയിൽ മഴ കനത്തു. കഴിഞ്ഞ ദിവസം ചേറ്റുവയിൽ ഉൾക്കടലില്‍ കാണാതായ രണ്ടുപേരെന്ന് തോന്നിക്കുന്നവരെ ഹെലികോപ്ടറിൽനിന്നുള്ള തിരച്ചിലിൽ കണ്ടെങ്കിലും ബോട്ട് സ്ഥലത്തെത്തിയപ്പോൾ വീണ്ടെടുക്കാനായില്ല.
തിരച്ചിൽ തുടരുകയാണ്. ചാലക്കുടിയിൽ മഴയുടെ തിമിർപ്പ് കുറഞ്ഞെങ്കിലും പുഴയിലേക്ക് വനമേഖലയിൽനിന്നുള്ള മഴയിൽ ജലപ്രവാഹം തുടരുകയാണ്. അതിരപ്പിള്ളിയിൽ മഴവെള്ളപ്പാച്ചിലിന്‍റെ രൗദ്രത മാറ്റമില്ലാതെ തുടരുകയാണ്.
• കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ വില്ലേജിൽ മാലോം ചുള്ളിയിലെ വനത്തിൽ ഉരുൾപൊട്ടി. ഞാണിക്കടവ് പാലം, കാര്യാട്ട്ചാൽ, മാലോം ടൗൺപാലം എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചുള്ളി സി.വി കോളനി റോഡ് പൂർണമായും തകർന്നു. രണ്ട് വീടുകൾക്ക് കേടുപാടുണ്ട്.
മരുതോം-മാലോം മലയോരപാതയിൽ മണ്ണിടിഞ്ഞതിനാൽ ഗതാഗതം തടസ്സപ്പെട്ടു. കോളിച്ചാല്‍ -ചെറുപുഴ മലയോരപാതയില്‍ ചുള്ളിത്തട്ടിനും ചുള്ളിക്കും ഇടക്കുള്ളഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഗതാഗതം നിരോധിച്ചു.
വൈപ്പിൻ: കടൽക്ഷോഭത്തിൽ ഒറ്റപ്പെട്ട വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ്ഗാർഡ് കപ്പൽ രക്ഷപ്പെടുത്തി. പൊന്നാനിയിൽനിന്ന് മീൻപിടിത്തത്തിനുപോയി എൻജിൻ തകരാർമൂലം കടൽക്ഷോഭത്തിൽ ഒറ്റപ്പെട്ട റാഷിദമോൾ എന്ന വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരെയാണ് രക്ഷപ്പെടുത്തിയത്. പൊന്നാനി സ്വദേശി ബാലൻ, താനൂർ സ്വദേശികളായ മുഹമ്മദ് ഫബിൻ ഷാഫി, ഹസീൻ കോയ, അബ്ദുൽ റസാഖ്, അബ്ദുല്ല എന്നിവരെയാണ് സുരക്ഷിതമായി കരക്കെത്തിച്ചത്. വള്ളത്തിന്‍റെ എൻജിൻ തകരാറിലായതാണ് അപകടകാരണം.
കോസ്റ്റ് ഗാർഡ് കൊച്ചി ഹെഡ് ക്വാർട്ടേഴ്സിലെത്തിച്ച് ഫിഷറീസ് വകുപ്പിന് കൈമാറിയ മത്സ്യത്തൊഴിലാളികളെ തിരിച്ച് നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.