മഴക്കെടുതി; പഞ്ചായത്ത് ഓഫീസുകൾ 24 മണിക്കൂറും തുറക്കണം: മന്ത്രി എ.സി. മൊയ്തീൻ

തൃശൂർ: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് ഓഫീസുകൾ 24 മണിക്കൂറും തുറക്കാനാവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്  മന്ത്രി എ.സി. മൊയ്തീൻ. ചാലക്കുടി റസ്റ്റ്ഹൗസിൽ വച്ചു നടന്ന ദുരിതാശ്വാസ പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക തടസങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ തുക പെട്ടന്നു തന്നെ അനുവദിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ സേവനം ഉറപ്പുവരുത്തണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ പൊലീസ് സേനയെ നിയോഗിക്കണം. പൊലീസ് പെട്രോളിങ് ക്യത്യമായി നടത്തണമെന്നും മന്ത്രി വിവിധ വകുപ്പുദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പട്ടികവർഗ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് പ്രത്യേക ശ്രദ്ധ നൽകണം. അപകട സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര നിരോധിക്കണം. പഞ്ചായത്തുകൾ വഴി ജനങ്ങൾക്ക് ആവശ്യമായ അറിയിപ്പുകൾ നൽകണം. ക്യാമ്പുകളിൽ ആളുകൾ നേരിട്ട് ഭക്ഷണം വിതരണം ചെയ്യുന്ന അവസ്ഥ ഒഴിവാക്കണം. ക്യാമ്പുകളിലേക്കുള്ള ആളുകളുടെ സന്ദർശനം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഒരു ഡാമിന്റെയും അവസ്ഥ ഭീതിതമല്ല. അനാവശ്യമായി ആരും ഭീതിപ്പടർത്തരുത്. ഇപ്പോഴത്തെ സാഹചര്യം നേരിടാൻ പരമാവധി ഇടപെടൽ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തുടർന്ന് മന്ത്രി ചാലക്കുടി താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. പരിയാരം സ​​െൻറ്​ ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ, മേലൂർ സെന്റ് ജോൺസ് കോൺവന്റ് യുപി സ്കൂൾ, മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം, യൂണിയൻ ഹയർസെക്കണ്ടറി സ്കൂൾ അന്നനാട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മന്ത്രി ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ബി.ഡി. ദേവസി എം.എൽ.എ., ജില്ലാ കളക്ടർ ടി.വി. അനുപമ, ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.
 

Tags:    
News Summary - Rain Havoc- Panchayat Office Should Work for 24 Hrs, AC Moideen - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.