തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും അണമുറിയാതെ കോരിച്ചൊരിയുന്ന മഴയിൽ നാശനഷ്ടവും മരണവും. ആലപ്പുഴയിൽ രണ്ട് പേർ മരിച്ചു. ആറാട്ടുവഴിയിൽ ട്യുഷൻ കഴിഞ്ഞ് മടങ്ങിയ ബാലൻ മതിലിടിഞ്ഞ് വീണ് മരിച്ചു. അന്തേക്ക്പറമ്പ് വീട്ടിൽ അലി അക്ബര്‍- ഹസീന ദമ്പതികളുടെ ഏക മകൻ അൽ ഫയാസാണ് (13) മരിച്ചത്. കനത്ത മഴയിൽ മരം വീണ് പൊട്ടിയ കേബിൾ ടി.വിയുടെ കമ്പി നന്നാക്കാനെത്തിയ ടെക്നീഷ്യൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആര്യാട് പഞ്ചായത്ത് 13ാം വാർഡ് പഷ്ണമ്പലത്തുവെളി പി. പ്രജീഷാണ് (38) മരിച്ചത്. പാതിരപ്പള്ളി പാട്ടുകുളത്തിന് സമീപം ബുധനാഴ്ച രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വിനീതയാണ് ഭാര്യ. മക്കൾ: പ്രണവ്, പ്രവൺ.
69.6 മില്ലീലിറ്റർ മഴയാണ് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത്.വ്യാഴാഴ്ച തിരുവനന്തപുരം, കണ്ണൂർ, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത മൂന്നു ദിവസംവരെ കനത്തമഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ വ്യാഴാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലാണ് രാത്രികാല യാത്രക്ക് നിയന്ത്രണമേർപ്പെടുത്തിയത്. മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗതം നിരോധിച്ചു. പത്തനംതിട്ട ജില്ലയിൽ രാത്രിയാത്ര നിരോധിച്ചു. വിനോദസഞ്ചാര മേഖലകൾ അടക്കാനും ജില്ല ഭരണകൂടം നിർദേശിച്ചു. പത്തനംതിട്ടയിൽ ജൂണ്‍ 30 വരെ ക്വാറികളുടെ പ്രവര്‍ത്തനവും തടഞ്ഞു.
കോട്ടയത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിൽ പ്രവേശനം വിലക്കി. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ജൂൺ 30 വരെ രാത്രിയാത്രയും നിരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.