തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തി പ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയുമാണ് മഴ കനക്കാനുള്ള കാരണം. സംസ്ഥാനത്ത് 11 ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടാണ്.
തിരുവനന്തപുരത്തും വയനാടും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പുതുതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കനത്ത മഴയിൽ സംസ്ഥാനത്ത് ഉടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട് നാദാപുരം എടച്ചേരിയിൽ രണ്ടു വീടുകൾ തകർന്നു. കച്ചേരി കൂമുള്ളി ജാനുവിന്റെ ഇരുനില വീടും ബീനയുടെ വീടുമാണ് തകർന്നത്.
തിരുവനന്തപുരം നഗരത്തിലും മലയോര മേഖലയിലും ശനിയാഴ്ച രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. ബോണക്കാട് നിന്ന് 111 പേരെ മാറ്റിപ്പാർപ്പിച്ചു. പത്തനംതിട്ടയിലും ശക്തമായ മഴ തുടരുകയാണ്. ശനിയാഴ്ച മാത്രം ജില്ലയിൽ രേഖപ്പെടുത്തിയത് 70 സെന്റീമീറ്ററിലധികം മഴയാണ്. മലയോര മേഖലകളിലും നദീ തീരങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അച്ചൻകോവിലാറ്റിൽ കോന്നി, കല്ലേലി ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്നു. മഴ തുടർന്നാൽ മണിയാർ ഡാമിന്റെ ഷട്ടറുകൾ 100 സെന്റീ മീറ്റർ വരെ ഉയർത്തുമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. പൊൻമുടി, കല്ലാർ, മങ്കയം ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ജില്ലയിൽ ക്വാറി പ്രവർത്തനത്തിനും നിരോധനമുണ്ട്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കി.
തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലും കൺട്രോൾ റൂമുകൾ ഉണ്ടാകും. അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കണമെന്ന് പൊലീസിനും പ്രത്യേക നിർദേശമുണ്ട്. എല്ലായിടങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കണം. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ആളുകൾ അതീവ ജാഗ്രത പാലിക്കണം.
കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ശബരിമല ദർശനത്തിന് എത്തുന്നവർ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.