മൂന്നാർ: തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ സി.പി.എം നിയോഗിച്ച അന്വേഷണ കമീഷൻ മുമ്പാകെ ഹാജരായി മൊഴി നൽകി. ബുധനാഴ്ച രാവിലെ പത്തിന് മൂന്നാറിലെ പാർട്ടി ഓഫിസിൽ ആരംഭിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ മൊഴിയെടുപ്പ് മൂന്നര മണിക്കൂറോളം നീണ്ടു.
തനിക്ക് പറയാനുള്ളെതല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഇനി തീരുമാനം പാർട്ടിയുടേതാണെന്നും രാജേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ദേവികുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ സജീവമായിരുന്നു. പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ല. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കാൻ പാർട്ടിക്ക് അധികാരമുണ്ട്. പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമെന്നാണ് വിശ്വാസം. നിർദേശിച്ച സ്ഥലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങളിൽ പെങ്കടുത്തു. മറ്റിടങ്ങളിൽ പോകേണ്ട ആവശ്യമില്ല. ആരെങ്കിലും പരാതി നൽകിയതായി അറിയില്ല. താൻ ഏതെങ്കിലും ജാതിയുടെ പ്രതിനിധി അല്ല. തന്നെ ജാതിയുടെ പേരിൽ ഒറ്റപ്പെടുത്തുന്നത് ശരിയല്ല. എന്ത് തീരുമാനം എടുത്താലും അനുസരിക്കും. കമീഷൻ മുമ്പാകെ പറഞ്ഞത് പുറത്ത് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, കമീഷന് മുമ്പാകെ ചില നേതാക്കൾക്കെതിരെ രാജേന്ദ്രൻ ശക്തമായി പരാതി ഉന്നയിച്ചതായാണ് സൂചന. മൂന്നാർ കേന്ദ്രീകരിച്ചുള്ള ചിലർ അവരുടെ അഴിമതി മൂടിവെക്കാൻ തെൻറ മേൽ ആരോപണം ഉന്നയിക്കുന്നതാണെന്നാണ് രാജേന്ദ്രെൻറ വാദം.
അന്വേഷണ വിവരങ്ങൾ പാർട്ടിക്കകത്തെ വിഷയങ്ങൾ ആണെന്നും പുറത്ത് പറയാനാവില്ലെന്നും അന്വേഷണ കമീഷൻ അംഗമായ സി.വി. വർഗീസ് പറഞ്ഞു. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഭൂരിഭാഗം ഏരിയ കമ്മിറ്റികളും രാജേന്ദ്രനെതിരെ മൊഴി നൽകുകയും ആരോപണങ്ങളിൽ കഴമ്പുള്ളതായി അന്വേഷണ കമീഷന് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ രാജേന്ദ്രനെതിരെ നടപടി വന്നേക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.