കാസർകോട്: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായുള്ള ഇടപാടിൽ ഐ.ജി ലക്ഷ്മണക്കെതിരായ നടപടിയോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ലക്ഷ്മണക്കെതിരായ നടപടി വെറും പ്രഹസനമാണെന്ന് ഉണ്ണിത്താൻ പറഞ്ഞു.
ഐ.ജിക്കെതിരെ നടപടി സ്വീകരിച്ച് തടിതപ്പാനാണ് ശ്രമിക്കുന്നത്. ജനങ്ങളെ പറ്റിക്കാനാണ് സർക്കാർ നീക്കം. ലക്ഷ്മണയെക്കാൾ ഉന്നതരായവർക്ക് മോൻസണുമായി ബന്ധമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടിയിരുന്ന മുൻ ഡി.ജി.പിയായ ലോക്നാഥ് ബെഹ്റയാണ് ഒന്നാം നമ്പർ കുറ്റവാളി.
ഒന്നാം നമ്പർ കുറ്റവാളിയെ സംരക്ഷിക്കുകയും മറ്റുള്ളവർക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. ബെഹ്റയെ മഹത്വവൽകരിച്ചാണ് കൊച്ചി മെട്രോയുടെ ചുമതല നൽകിയിട്ടുള്ളത്.
ലോക്നാഥ് ബെഹ്റക്കെതിരെ അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും വേണം. കൊച്ചി മെട്രോയുടെ തലപ്പത്ത് നിന്ന് ബെഹ്റയെ നീക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
മോൻസൺ മാവുങ്കലുമായി ബന്ധം പുലർത്തിയ ഐ.ജി ലക്ഷ്മണയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. ഐ.ജിക്കെതിരെ നടപടി ശിപാർശ ചെയ്തുള്ള റിപ്പോർട്ട് വിജിലൻസ് സർക്കാറിന് കൈമാറിയിരുന്നു.
മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് െഎ.ജി ലക്ഷ്മണക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തിരുന്നു. കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിെൻറ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.