തിരുവനന്തപുരം: രാജ്യസഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുന്ന സീനിയർ കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ, എം.എൽ.എ.മാരായ എ. പി.അനിൽകുമാർ, എം.വിൻസെന്‍റ്, പി.ഉബൈദുള്ള , കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജി എസ് ബാബു, ടി യു രാധാകൃഷ്ണൻ, എം എം നസീർ, കോൺഗ്രസ് നേതാക്കളായ ചെറിയാൻ ഫിലിപ്പ്, രവിമൈനാഗപ്പള്ളി, ഇഞ്ചക്കാട് നന്ദകുമാർ, വിഷ്ണു വിജയൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഐക്യജനാധിപത്യ മുന്നണിയോടൊപ്പം നിന്ന് രാജ്യസഭാസീറ്റ് വാങ്ങി എം.പി ആകുകയും, പിന്നീട് മുന്നണിയെയും സ്വന്തം പിതാവും യു.ഡി.എഫ് സ്ഥാപക നേതാക്കളിലൊരാളുമായ കെ.എം.മാണിയേയും വഞ്ചിച്ച് എൽ.ഡി.എഫിൽ ചേക്കേറുകയും ചെയ്ത ജോസ്.കെ. മാണിക്കെതിരെ സഭയിൽ ഭൂരിപക്ഷം ഇല്ലെങ്കിലും മത്സരിക്കണമെന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് ഡോ.ശൂരനാട് രാജശേഖരൻ പറഞ്ഞു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി. ഉബൈദുള്ള, മോൻസ് ജോസഫ്, പി.സി. വിഷ്ണുനാഥ്, എം. വിൻസന്‍റ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, അൻവർ സാദത്ത്, സി. ആർ. മഹേഷ് തുടങ്ങിയ എം.എൽ.എ.മാരാണ് പത്രികയിൽ നിർദേശകരായി ഒപ്പുവെച്ചിട്ടുള്ളത്. യു.ഡി.എഫിന്‍റെ മറ്റ് 10 എം.എൽ.എ.മാർ ഒപ്പിട്ട രണ്ടാമതൊരു നാമനിർദ്ദേശ പത്രികയും കൂടി ഡോ. ശൂരനാട് രാജശേഖരന് വേണ്ടി നൽകുകയുണ്ടായി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.