മുക്കത്തെ ഗെയിൽ വിരുദ്ധ സമരം സർക്കാർ സൃഷ്ടിയെന്ന് ചെന്നിത്തല

കോഴിക്കോട്: കോഴിക്കോട് മുക്കത്തെ ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരായ നാട്ടുകാരുടെ സമരം സംസ്ഥാന സർക്കാറിന്‍റെ സൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രക്ഷോഭകർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ സർക്കാർ പിൻവലിക്കണം. യു.ഡി.എഫ് ഗെയിൽ പദ്ധതിയെ എതിർത്തിട്ടില്ല. സമരം ഏറ്റെടുക്കുമെന്ന് യു.ഡി.എഫ് ഒരിടത്തും പറഞ്ഞിട്ടില്ല. വികസന വിരോധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ദേശിച്ചത് വി.എസ് അച്യുതാനന്ദനെയാകുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് സി.പി.എമ്മിന്‍റെ രാഷ്ട്രീയ അഴിമതിയാണെന്ന് ചെന്നിത്തല ആരോപിച്ചു. സർക്കാർ ഭൂമി കൈയേറിയ സംഭവത്തിൽ ത്വരിതാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. 

ബാർ കോഴ ആരോപണത്തിൽ ത്വരിതാന്വേഷണം പ്രഖ്യാപിച്ചപ്പോൾ കെ.എം മാണിയുടെയും കെ. ബാബുവിന്‍റെയും രാജി ആവശ്യപ്പെട്ട് നിയമസഭക്ക് അകത്തും പുറത്തും സമരങ്ങൾ നടത്തിയ ആളുകളാണ് ഇന്ന് സംസ്ഥാന ഭരിക്കുന്നത്. അന്ന് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടവർ ഇന്ന് നിലപാട് മാറ്റിയത് ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു.

ത്വരിതാന്വേഷണത്തെകാൾ പ്രധാനം ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ട് ആണ്. സർക്കാർ ഭൂമിയെ കുറിച്ച് അന്തിമ വാക്ക് പറയേണ്ടത് റവന്യൂ ഉദ്യോഗസ്ഥരാണ്. റവന്യൂ അധികൃതർ കൈയേറ്റത്തെ കുറിച്ച് പറഞ്ഞിട്ടും മന്ത്രിയെ പദവിയിൽ തുടരാൻ അനുവദിക്കുന്നത് ഗുരുതര തെറ്റാണ്. മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടിയെ പുറത്താക്കാൻ സാധിക്കാത്തത് എന്തു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. 

വിഷയത്തിൽ ജനങ്ങൾക്കുള്ള സംശയങ്ങൾ നീക്കാൻ എന്തുകൊണ്ട് സർക്കാർ തയാറാകുന്നില്ല. സ്വന്തം പാർട്ടിക്കാരനായ ഇ.പി ജയരാജന് രാജിവെപ്പിക്കാൻ കാണിച്ച ഉൽസാഹം തോമസ് ചാണ്ടിയുടെ വിഷയത്തിൽ മുഖ്യമന്ത്രി കാണിക്കുന്നില്ല. മന്ത്രി തന്‍റെ കീഴിലുള്ള കലക്ടർക്കെതിരെ കേസ് കൊടുത്തത് കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ്. സീസറിന്‍റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം. സംസ്ഥാനത്തെ സമരങ്ങളോട് സർക്കാറിന് പുച്ഛമാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Ramesh Chennithala Attack Pinarayi Vijayan and Thomas Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.