കട്ടപ്പന: സമ്പൂർണ പോർട്ടലിൽ തിരിമറി നടത്തിയ സംഭവത്തിൽ കട്ടപ്പന ഡി.ഇ ഓഫിസിലെ അഞ്ച് ക്ലർക്കുമാരെക്കൂടി സ്ഥലംമാറ്റി. സീനിയർ ക്ലർക്കുമാരായ എസ്. പുഷ്പമ്മ, ടി.ആർ. നിഷമോൾ, കെ.എസ്. ഹരി കൃഷ്ണൻ, ജിജി ജോർജ്, ക്ലർക്ക് ടി.ആർ. പ്രമോദ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. ഇവരിൽ എസ്. പുഷ്പമ്മ, കെ.എസ്. ഹരികൃഷ്ണൻ എന്നിവരെ കട്ടപ്പന എ.ഇ.ഒ ഓഫിസിലേക്കാണ് മാറ്റിയത്.
ടി.ആർ. പ്രമോദിനെ എഴുകുംവയൽ സ്കൂളിലേക്കും ടി.ആർ. നിഷാമോളെ കല്ലാർ സ്കൂളിലേക്കും ജിജി ജോർജിനെ വാഴവര സ്കൂളിലേക്കും മാറ്റി. ഇവരെ സ്ഥലം മാറ്റിയതിനെത്തുടർന്ന് കട്ടപ്പന ഡി.ഇ.ഒ ഓഫിസിലുണ്ടായ ഒഴിവ് പരിഹരിക്കാൻ കട്ടപ്പന എ.ഇ.ഒ ഓഫിസിലെ എം.എസ്. മായയെയും എസ്. രശ്മി തങ്കച്ചിയെയും കട്ടപ്പന ഡി.ഇ.ഒ ഓഫിസിലേക്ക് സ്ഥലംമാറ്റി. നെടുങ്കണ്ടം എ.ഇ.ഒ ഓഫിസിലെ ക്ലർക്ക് അൻവർ സാദത്തിനെയും എഴുകുംവയൽ സ്കൂളിലെ ക്ലർക്ക് ജി. ദേവകുമാറിനെയും വാഴവര സ്കൂളിലെ ക്ലർക്ക് എസ്. സുനിതമോളെയും കട്ടപ്പന ഡി.ഇ.ഒയിൽ നിയമിച്ചു. കല്ലാർ സ്കൂളിലെ ക്ലർക്ക് ലീമ എലിസബത്തിനെ നെടുങ്കണ്ടം എ.ഇ.ഒയിലേക്കും മാറ്റി.
കഴിഞ്ഞ ജൂൺ 10നാണ് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർഥികളെ അനധികൃതമായി സമ്പൂർണ പോർട്ടലിൽ തിരിമറി നടത്തി സമീപത്തെ എയ്ഡഡ് സ്കൂളിലേക്ക് മാറ്റിയത്. ടി.സി ആവശ്യപ്പെടാതെതന്നെ സ്കൂൾ മാറ്റിയെന്ന് ആരോപിച്ച് വിദ്യാർഥികളിൽ ചിലർ രേഖാമൂലം ശാന്തിഗ്രാം സ്കൂൾ അധികൃതർക്ക് പരാതിയും നൽകി. സർക്കാർ സ്കൂളിലെ വിദ്യാർഥികളെ തലയെണ്ണൽ ദിവസത്തിനുമുമ്പ് സ്വകാര്യ സ്കൂളിന്റെ പട്ടികയിൽ ചേർത്ത കട്ടപ്പന ഡി.ഇ.ഒ ഓഫിസ് സൂപ്രണ്ടിനെ ഇരിഞ്ഞാലക്കുട ടെക്സ്റ്റ് ബുക്ക് ഡിപ്പോയിൽ സ്റ്റോർകീപ്പറാക്കി സ്ഥലംമാറ്റിയതിന് പിന്നാലെയാണ് മറ്റ് അഞ്ചുപേർക്കുംകൂടി സ്ഥലംമാറ്റമുണ്ടായത്.
സമ്പൂർണ പോർട്ടലിൽ മാറ്റം വരുത്താൻ കഴിയുന്നത് പ്രഥമാധ്യാപകർക്കും ജില്ല ഡി.ഇ.ഒ ഓഫിസിനുമാണ്. പ്രഥമാധ്യാപകൻ ഇക്കാര്യം അറിഞ്ഞിട്ടില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കട്ടപ്പന ഡി.ഇ.ഒ ഓഫിസിലാണ് ക്രമക്കേട് നടന്നതെന്ന് കണ്ടെത്തിയത്. കട്ടപ്പന ഡി.ഇ.ഒ ഓഫിസിൽ മുമ്പും ക്രമക്കേട് നടന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ റിപ്പോർട്ട് നൽകിയിരുന്നു. ഉദ്യോഗസ്ഥനെതിരെ നടപടി വൈകുന്നതിനെതിരെ ശാന്തിഗ്രാം സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.