തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തലമുറ മാറ്റത്തിന് കോൺഗ്രസിൽ ആവശ്യം ശക്തമായി. അഞ്ചുവർഷം പ്രതിപക്ഷത്തിരുന്നിട്ടും പാർട്ടിയെ അധികാരത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിയാത്ത നേതൃത്വം മാറണമെന്ന ആവശ്യം ഗ്രൂപ് വ്യത്യാസമില്ലാെത നേതാക്കളും പ്രവർത്തകരും ഉയർത്തിത്തുടങ്ങി. പാർട്ടിയെയും മുന്നണിയെയും നയിച്ച ആർക്കും പരാജയത്തിെൻറ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന നിലപാടിലാണ് അവരെല്ലാം. പാർട്ടിയിലെ സമഗ്ര അഴിച്ചുപണിയും പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് പുതിയ മുഖവും വരണമെന്ന ആവശ്യമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, ഇൗ ആവശ്യത്തോട് മുഖംതിരിക്കാൻ ദേശീയ, സംസ്ഥാന നേതൃത്വത്തിന് കഴിയില്ല.
അഴിമതി ആരോപണങ്ങളിലൂടെ സർക്കാറിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലക്ക് പലപ്പോഴും സാധിച്ചെങ്കിലും മുന്നണിയെ അധികാരത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ അദ്ദേഹത്തിനായില്ല. ദയനീയ തോൽവിയുണ്ടായെന്ന് മാത്രമല്ല, നിയമസഭയിലെ അംഗബലവും കുറഞ്ഞു. സ്വാഭാവികമായും പ്രതിപക്ഷ നേതാവില്‍ ജനങ്ങളുടെ അവിശ്വാസം കൂടിയായി തെരഞ്ഞെടുപ്പ് ഫലം മാറി.
അതിനാൽ 2016 ല്‍ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മന്‍ ചാണ്ടിയുടെ മാതൃക അദ്ദേഹവും പിന്തുടർേന്നക്കും.ഇക്കാര്യം അടുത്ത ചിലരോട് അദ്ദേഹം സൂചിപ്പിച്ചതായും അറിയുന്നു. അങ്ങനെയെങ്കിൽ വി.ഡി. സതീശനാകും മുൻഗണന. സഭയിലെ പരിചയത്തിനു പുറമെ വിഷയങ്ങൾ അവതരിപ്പിക്കുന്നതിലെ കഴിവും ചെറുപ്പവും അദ്ദേഹത്തിന് സഹായകമാണ്. നിലവില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിെൻറ പക്കലാണെന്നതും സതീശെൻറ സാധ്യത വർധിപ്പിക്കുന്നു.
ആകെയുള്ള 21 കോൺഗ്രസ് എം.എൽ.എമാരിൽ 12 പേർ െഎ പക്ഷക്കാരാണ്. അതേസമയം, സതീശനെക്കാൾ സീനിയറായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഗണിക്കണമെന്നാണ് എ ഗ്രൂപ്പിെൻറ ആവശ്യം. പി.ടി. തോമസിെൻറ പേരും ഉയരുന്നുണ്ട്.പാർട്ടിയിൽ അഴിച്ചുപണി വേണമെന്ന ആവശ്യവുമായും നേതാക്കൾ രംഗത്തുണ്ട്. അരൂരിലെ സ്ഥാനാർഥി ഷാനിമോള്‍ ഉസ്മാനും തൃപ്പൂണിത്തുറയില്‍ ജയിച്ച കെ. ബാബുവുമൊക്കെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. ആലപ്പുഴ ഡി.സി.സി പ്രസിഡൻറും അമ്പലപ്പുഴയിൽ സ്ഥാനാർഥിയുമായിരുന്ന എം. ലിജു രാജിയിലൂടെ പ്രതിഷേധം പ്രകടിപ്പിച്ചുകഴിഞ്ഞു.
കണ്ണൂരിലെ സ്ഥാനാര്‍ഥിയും ഡി.സി.സി പ്രസിഡൻറുമായ സതീശന് പാച്ചേനിയും ഇടുക്കി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാറും രാജി സന്നദ്ധത അറിയിച്ചു.പുതിയ പാർട്ടി അധ്യക്ഷനെ തീരുമാനിച്ച് സമഗ്ര അഴിച്ചുപണി വേണമെന്നാണ് ആവശ്യം. പദവികൾ ഗ്രൂപ്പുകള്‍ വീതം വെക്കുന്ന രീതി അവസാനിപ്പിച്ച് പ്രവര്‍ത്തനസജ്ജമായ പുതുനേതൃത്വം ആവശ്യമാണെന്ന പൊതുവികാരമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.