നിയമസഭയിലെ കൈയാങ്കളി: കുറ്റക്കാർക്ക് ശിക്ഷ വാങ്ങി കൊടുക്കുംവരെ പോരാടും -ചെന്നിത്തല

തിരുവനന്തപുരം: കേരള നിയമസഭയിലെ കൈയാങ്കളി കേസിൽ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാർക്ക് ശിക്ഷ വാങ്ങി കൊടുക്കുംവരെ പോരാടും. നാറി പുഴുത്ത് ഈ സർക്കാർ പുറത്തു പോകുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യം തള്ളിയ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊതുമുതൽ നശിപ്പിക്കപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സി.ജെ.എം കോടതി സർക്കാർ ആവശ്യം തള്ളിയത്.

ഇടത് സർക്കാർ അധികാരത്തിലേറിയ ശേഷം മുൻ എം.എൽ.എ വി. ശിവൻകുട്ടി നൽകിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്. രാഷ്രീയ ദുഷ്ടലാക്കോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ശിവന്‍കുട്ടിയുടെ അപക്ഷേയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

2015ൽ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ബാർ കോഴ കേസിൽ ആരോപണ വിധേയനായ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ പ്രതിപക്ഷം നടത്തിയ ശ്രമമാണ് സഭക്കുള്ളിൽ കൈയാങ്കളിയിലും സംഘർഷത്തിലും കലാശിച്ചത്. അന്നത്തെ എം.എൽ.എമാരായിരുന്ന ഇ.പി ജയരാജൻ, കെ.ടി ജലീൽ, വി. ശിവൻകുട്ടി, കെ. അജിത്, കെ. കുഞ്ഞുമുഹമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് പൊലീസ് കുറ്റപത്രത്തിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.