തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ നഷ്ടപ്പെട്ടത് സ്വന്തം സഹോദരനെയാണെന്ന് രമേശ് ചെന്നിത്തല. ദീര്‍ഘകാലത്തെ പൊതു ജീവിതത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച ഞങ്ങൾക്കിടയിൽ ആഴത്തിലുള്ള അടുപ്പമാണ് ഉണ്ടായിരുന്നത്. നാല് തവണ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് മൂന്ന് തവണയും വിജയിച്ചപ്പോള്‍ അതിന്റെ പിന്നില്‍ എനിക്ക് തുണയായത് ഉമ്മന്‍ചാണ്ടി എന്ന കരുത്തനായ നേതാവിന്റെ അളവില്ലാത്ത പിന്‍ബലമായിരുന്നു.
പിന്നീട് ഞാന്‍ കെ.പി.സി.സി പ്രസിഡന്റായി കേരളത്തിലെത്തുമ്പേള്‍ അദ്ദേഹം മുഖ്യമന്ത്രിയാണ്. അവിടുന്ന് തുടങ്ങുന്ന 20 വര്‍ഷക്കാലത്തെ ആത്മബന്ധം. കേരളത്തിലെ കോണ്‍ഗ്രസിന് ഇത്രമാത്രം സംഭാവനകള്‍ നല്‍കിയ മറ്റൊരു നേതാവ് വേറെയുണ്ടാകില്ല. ഒരു പക്ഷെ കേരളത്തില്‍ ഇത്രയധികം വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും സാന്നിദ്ധ്യമറിയിച്ച വേറൊരു നേതാവുണ്ടാകില്ല.
എവിടെ ഒരു അപകടമുണ്ടായാലും സന്തോഷമുണ്ടയാലുo ഉമ്മന്‍ ചാണ്ടിയുണ്ടാകും. അത്രയും ജനകീയനായിരുന്നു അദ്ദേഹം. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ജനങ്ങള്‍ക്കിയടിലൂടെ ഇത്രമാത്രം യാത്ര ചെയ്ത ഒരു നേതാവ് വേറെയുണ്ടാകില്ല. ആര്‍ക്കും ഏതു സമയത്തും അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലാം, അദ്ദേഹത്തോട് സംസാരിക്കാം. അതിന് ആരുടെയും സഹായം
വേണ്ടിയിരുന്നില്ല. മാത്രമല്ല ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവര്‍ക്കും അദ്ദേഹത്തെ കാണാമായിരുന്നു. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ രാഷ്ട്രീയം നോക്കാതെ ന്യായമായ കാര്യങ്ങള്‍ അദ്ദേഹം എല്ലാവര്‍ക്കും ചെയ്തു കൊടുത്തിരുന്നു. ഉമ്മന്‍ചാണ്ടിമന്ത്രിസഭയില്‍ ഞാന്‍ കണ്ടത് ജനങ്ങളെ സഹായിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും തടസ്സമാകരുത് എന്ന ശൈലിയാണ്.
എപ്പോഴും ജനങ്ങളോടൊപ്പം ഇഴുകിച്ചേര്‍ന്നും അവർക്കിടയിൽ നിന്നും പ്രവര്‍ത്തിച്ചു. ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും എപ്പോഴും സ്‌നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും യോജിപ്പിന്റെയും ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഏതൊരു രാഷ്ട്രീയ പ്രശ്‌നത്തിനും പ്രതിസന്ധിയ്ക്കും ഉമ്മന്‍ ചാണ്ടിക്ക് പരിഹാര നിര്‍ദേശമുണ്ടായിരുന്നു.
ഉമ്മന്‍ ചാണ്ടിക്ക് അസുഖമായിരിക്കുമ്പോഴും അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കാണുമ്പോഴൊക്കെ അദ്ദേഹം ജനങ്ങളുടെ കാര്യങ്ങളാണ് പൊതുവായി സംസാരിച്ചിരുന്നത്. പാര്‍ട്ടിയുടെ കാര്യങ്ങളും. . സ്വന്തം അസുഖത്തെ പറ്റിയല്ല അദ്ദേഹം സംസാരിച്ചിരുന്നത്.
ഒരിക്കലും നമ്മുക്ക് മറക്കാന്‍ കഴിയാത്ത ഒത്തിരി ഒത്തിരി ഓര്‍മ്മകളും ഒത്തിരി ഒത്തിരി സംഭാവനകളും നല്‍കിയ രാഷ്ട്രീയ നേതാവാണ് ശ്രീ ഉമ്മന്‍ ചാണ്ടി. കേരളവും മലയാളികളും അദ്ദേഹത്തെ എന്നും നന്ദിയോടെയും സ്‌നേഹത്തോടെയും ഓര്‍ക്കും. അദ്ദേഹം എനിക്ക് പകര്‍ന്നു നല്‍കിയ സ്‌നേഹം എന്റെ മനസില്‍ കുളിര്‍മ്മയായി എന്നും നിലനില്‍ക്കും എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.