തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും അവരുടെ സമ്മതം കൂടാതെ നിശ്ചിതതുക നിക്ഷേപമായി പിടിച്ചുവെക്കാനുള്ള ജീവാ നാന്ദം പദ്ധതി ജീവനക്കാരുടെ ശമ്പളം സർക്കാർ കൊള്ളയടിക്കുന്നതിന് തുല്യമെന്ന് കോൺഗ്രസ് പ്രവർത്ത സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു
ജീവനക്കാർ ജോലി ചെയ്യുന്ന ശമ്പളം കൈക്കലാക്കാനുള്ള വളഞ്ഞ വഴിയാണ് ജീവനാന്ദം പദ്ധതി. ജീവനക്കാർതന്നെ തങ്ങളുടെ സേവിങ്സ്, പ്രോവിഡൻറ് ഫണ്ട് ഉൾപ്പെടെ പല പദ്ധതികളിൽ നിക്ഷേപിക്കുന്നുണ്ട്. ജീവനക്കാരുടെ കാര്യത്തിൽ അവർക്കില്ലാത്ത ആശങ്ക സർക്കാരിന് വേണ്ട. ഇത് ഒരു തരം സി.പി.എമ്മിന്റെ ബക്കറ്റ്പിരിവുപോലെയായിപ്പോയി. ഈ നിർബന്ധിത പിരിവ്പദ്ധതിയിൽനിന്നും സർക്കാർ പിൻവാങ്ങണം. നിരുത്തരവാദപരമായ ആസൂത്രണംമൂലം സാമ്പത്തികമായി നട്ടം തിരിയുന്ന സർക്കാർ ഇത്തരം തട്ടിപ്പുപദ്ധതികൊണ്ടൊന്നും രക്ഷപ്പെടാൻ പോകുന്നില്ല.
കർണടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞ കാര്യം ഗവൺമെന്റ് അന്വേഷിക്കേണ്ടതാണ്. അദ്ദേഹത്തിനു കിട്ടിയ ഒരു വിവരമാണ് അദ്ദേഹം പുറത്തുവിട്ടത്. അതിനെ പരിഹസിക്കുന്നതിനു പകരം ഗവൺമെന്റ് അതിനെക്കുറിച്ച് അന്വേഷിക്കുകയാണ് വേണ്ടത്, അന്വേഷിച്ച് വസ്തുതയുണ്ടോയെന്ന് പരിശോധിക്കണം. രാജരാജേശ്വരിക്ഷേത്രത്തിൽ അത് നടക്കില്ലായെന്ന് എല്ലാവർക്കുമറിയാം. പക്ഷെ അവിടെയല്ലായെങ്കിൽ മറ്റു വല്ലയിടത്തും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ഗവൺമെന്റിനുണ്ട്.
ഇന്ന് വാസ്തവത്തിൽ രാജ്യത്ത് നടക്കുന്നത് ഗാന്ധി നിന്ദയാണ് , ഗാന്ധിസിനിമ വന്ന ശേഷമാണോ രാഷ്ട്ര പിതാവിനെ തലമുറകൾ മനസിലാക്കിയത് ? ലോകത്തിന്റെ ഏത് ഭാഗത്തു ചെന്നാലും അവിടെയെല്ലാം ഗാന്ധിപ്രതിമകളും ഗാന്ധി റോഡുകളും നമുക്ക് കാണാം. ലോകത്ത് ഇതുപോലൊരു മഹാന്റെ പേരിലുള്ള സ്മാരകങ്ങൾ മറ്റ് ആരുടെയും നമുക്ക് കാണാൻ കഴിയില്ല. ഗാന്ധിജിയെപ്പറ്റി എഴുതിയ പുസ്തകങ്ങൾ ലക്ഷക്കണക്കിനാളുകൾ വായിക്കുന്നു.
രാഷ്ട്രപിതാവായ മഹാത്മജിയെപ്പറ്റി ലോകം അറിഞ്ഞത് ഗാന്ധിസിനിമ വന്നതിനുശേഷമാണ് എന്ന് മോദി പറഞ്ഞത് പിൻവലിക്കണം, അദ്ദേഹം ജനങ്ങളോട് മാപ്പുപറയണം. വാസ്തവത്തിൽ ഇതൊരു ഗാന്ധിനിന്ദയാണ്. ഗോഡ്സെയുടെ പ്രേതം മോദിയെ വിട്ടുപോയിട്ടില്ല ഇപ്പോഴും കൂടെത്തന്നെയുണ്ട് എന്ന് മനസിലാക്കണം, ഗോഡ്സെയുടെ പാതയിലൂടെ സഞ്ചരിക്കുന്ന മോദി ഇതല്ല ഇതിനപ്പുറവും പറയും, ഈ ഗാന്ധിനിന്ദ അവസാനിപ്പിക്കാൻ ബി.ജെ.പി തയാറുണ്ടോ?
ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് രാഷ്ട്ര പിതാവിനെപ്പറ്റി ഇത്തരം പരാമർശം നടത്തിയിട്ടുള്ളത് , ഇത് പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയാൻ പ്രധാനമന്ത്രി തയാറാകണം. കേരളത്തിലെ ജനങ്ങൾ ഇന്ത്യാമുന്നണിക്കനുകൂലമായ വിധിയെഴുത്താണ് നടത്തിയിട്ടുള്ളത്. കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബി.ജെ.പി ക്കനുകൂലമായ നിലപാടാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഇവിടെ ഐക്യമുണ്ടായിരുന്നു , അതിന്റെ തുടർച്ചയാണ് തുടർ ഭരണവും ഇപ്പോഴും തുടരുന്ന അന്തർധാരയും .
മുസ് ലീം ലീഗ് എന്നും യു.ഡി.എഫി ന്റെ അഭിവാജ്യ ഘടകമാണ്, ലീഗിന്റേത് എന്നും മതേതരമുഖമാണ് . അവർക്ക് ഒരു തീവ്രവാദ സംഘടനയുമായും ബന്ധമില്ല. തീവ്രവാദസംഘടനകളെ തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് ലീഗിനുള്ളത്, ലീഗിനെക്കുറിച്ച് എ.കെ ബാലൻ പറയുന്നതിൽ കാര്യമില്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്നതാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.