സംഘ്പരിവാറിനെതിരായ സര്‍ക്കാര്‍ നടപടി പിണറായി  പ്രസ്താവനയില്‍ ഒതുക്കുന്നു -ചെന്നിത്തല

തിരുവനന്തപുരം: ആര്‍.എസ്.എസ് അജണ്ട വിലപ്പോകാത്തതിലെ നിരാശ മൂലമാണ്  ജിഹാദി കേന്ദ്രമായി  കേരളത്തെ ആര്‍.എസ്.എസ്  വിശേഷിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നടപടിയെടുക്കാതെ  പ്രസ്താവന മാത്രം ഇറക്കി ആര്‍.എസ്.എസിനെ നേരിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമം ലംഘിച്ച് പതാക ഉയര്‍ത്തിയ ആര്‍.എസ്.എസ്.മേധാവി  മോഹന്‍ഭഗവതിനെതിരെ നടപടിയെടുക്കാന്‍ പോലും പിണറായി സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 

സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാറിനോട് കാണിക്കുന്ന മൃദുസമീപനമാണ് അവര്‍ക്ക് കൂടുതല്‍ ധൈര്യം പകരുന്നത്. ആളുകളെ തമ്മിലടിപ്പിക്കാന്‍ വേണ്ടി വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ,വിഷം വമിപ്പിക്കുന്ന പ്രസംഗം നടത്തിയ കെപി ശശികല എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ .ഇട്ടതിന്  ശേഷം  ചെറുവിരല്‍ പോലും സര്‍ക്കാര്‍ അനക്കിയിട്ടില്ല. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തതിന് വിസ്ഡം പ്രവര്‍ത്തകരെ തല്ലിച്ചതച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ കസേരയിട്ട് നല്‍കുകയും തല്ലുകൊണ്ടവര്‍ക്കെതിരെ കേസ് എടുത്ത് ജയിലില്‍ അടക്കുകയും ചെയ്തതിന്റെ ദോഷഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

പണം വാരിയെറിഞ്ഞും  ചോരപുഴ ഒഴുക്കിയും അസത്യങ്ങള്‍ പ്രചരിപ്പിച്ചും ജനങ്ങളെ തമ്മിലടിപ്പിച്ചുമാണ് എല്ലാ വര്‍ഗീയവാദികളും എല്ലാകാലത്തും നേട്ടങ്ങള്‍ ഉണ്ടാക്കാറുള്ളത്. ഇവരുടെ അജണ്ടകള്‍ മനസിലാക്കാന്‍ ബുദ്ധിയുള്ള ജനങ്ങള്‍ ഇത്തരം ശക്തികളില്‍ നിന്നും അകന്നു നില്‍ക്കുക സ്വാഭാവികം.  സംഘപരിവാറില്‍ നിന്നും ഇത്തരം ഒരു അകന്ന് നില്‍ക്കലാണ് കേരളം പതിറ്റാണ്ടുകളായി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തത് മുതല്‍ ബാബരിമസ്ജിദ് തല്ലിതകര്‍ത്തത് ഉള്‍പ്പെടെയുള്ള  പാപത്തിന്റെ വിഴുപ്പ്ഭാണ്ഡം ചുമക്കുന്ന സംഘ്പരിവാരത്തിനു കേരളമനസില്‍ ഒരു ഇടം നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും മലയാളിയുടെ മതേതരമനസിന് പോറലേല്‍പ്പിക്കാന്‍ ആര്‍.എസ്.എസിന് കഴിയുന്നില്ല. 

ഈ നിരാശയില്‍ നിന്നുണ്ടായ വിഭ്രാന്തിയും പുലമ്പലുമാണ് കേരളം ജിഹാദികളുടെ കേന്ദ്രമാണെന്ന ആര്‍.എസ്.എസ് .മേധാവിയുടെ പ്രസ്താവന എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയപ്പോള്‍  സംസ്ഥാന സര്‍ക്കാര്‍ കണ്ണടക്കുകയും കളക്ടറെ സ്ഥലംമാറ്റുകയും ചെയ്തതോടെയാണ്  സംസ്ഥാനത്തെ അടച്ചാക്ഷേപിക്കുന്ന  തരത്തിലേക്ക് ആര്‍.എസ്.എസ്.മാറിയത്. സംഘ്പരിവാറിനെതിരെ  പ്രസ്താവനകളും ഫേസ്ബുക് പോസ്റ്റുകളും മുഖ്യമന്ത്രി കുറെ നടത്തുന്നുണ്ട് . ഇനി ഇതൊക്കെ മതിയാക്കി നടപടി ആരംഭിക്കാന്‍ തയാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.നടപടി ആരംഭിച്ചാല്‍ കൊള്ളരുതായ്മകള്‍ താനേ അവസാനിക്കും.ആര്‍.എസ്.എസ് വിമുക്ത കേരളം എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍  കേരളം ഒറ്റകെട്ടായി നില്‍ക്കും. ഇരയോടും വേട്ടക്കാരനോടും ഒപ്പം ഓടുന്ന രീതി  മതിയാക്കി പ്രവര്‍ത്തിക്കണമെന്ന് ചെന്നിത്തല ഓര്‍മിപ്പിച്ചു.

Tags:    
News Summary - Ramesh Chennithala Slams Pinaraui's RSS-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.