കോഴിക്കോട്: രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാൻ സംഘപരിവാർ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനോ എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാനോ കഴിയാത്തത് കൊണ്ടാണ് സംഘപരിവാറിന്‍റെ പുതിയ നീക്കം. ക്രമസമാധാനത്തെ കുറിച്ച് മാത്രമല്ല ബി.ജെ.പി നേതാക്കൾ നടത്തിയ മെഡിക്കൽ കോളജ് അഴിമതി, ഹവാല ഇടപാട്, വ്യാജ രസീത് പിരിവ് തുടങ്ങിയവയെ കുറിച്ചും കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രതികരിക്കണമെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
മതേതരത്വത്തിന്‍റെ കാവൽഭടന്മാർ ശക്തരായ കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനോ എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാനോ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ സംഘപരിവാർ, രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
ഇതിനുള്ള വേദിയൊരുക്കാനാണ് ഗവർണർ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. മമത ബാനർജി അടക്കമുള്ള മറ്റു മുഖ്യമന്ത്രിമാർ ഇത്തരം കുൽസിത പ്രവർത്തനങ്ങളോട് കലഹിച്ചപ്പോൾ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നിൽക്കുകയാണ് പിണറായി വിജയൻ ചെയ്തത്. കേരളം അടുത്തിടെ കണ്ട ഏറ്റവും ലജ്‌ജാകരമായ ദൃശ്യമായിരുന്നു ഇത്.
ആർ.എസ്.എസ് അഖിലേന്ത്യ നേതാക്കൾ എത്തി രാഷ്ട്രപതി ഭരണത്തിനായി വഴിയൊരുക്കുന്നതും സ്മൃതി ഇറാനി മുതൽ മീനാക്ഷി ലേഖി വരെയുള്ളവർ പാർലമെന്‍റിൽ കേരളത്തെ കുറിച്ച് അസത്യവും അർത്ഥസത്യവും പുലമ്പുന്നതും ഗൗരവത്തോടെ കാണണം.
ഇതിന്‍റെ തുടർച്ചയായിട്ടാണ് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റിലിയുടെ സന്ദർശനം. ക്രമസമാധാനത്തെ കുറിച്ച് മാത്രമല്ല കേരളത്തിലെ ബി.ജെ.പി നേതാക്കൾ നടത്തിയ മെഡിക്കൽ കോളജ് അഴിമതി, ഹവാല ഇടപാട്, വ്യാജ രസീത് പിരിവ് തുടങ്ങിയ കാര്യങ്ങൾ എന്നിവയെ കുറിച്ച് കൂടി അരുൺ ജെയ്റ്റ്‌ലി പ്രതികരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.