തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമി തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന മനസാക്ഷി ഇടതു സര്‍ക്കാരിന് മാപ്പു നല്‍കില്ല. സുപ്രീംകോടതി പുനപ്പരിശോധനാ ഹര്‍ജി തള്ളിയത് അപ്രതീക്ഷിതമല്ല. ഈ കേസില്‍ പ്രോസിക്യൂഷന്റെ വീഴ്ച സുപ്രീംകോടതി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് ഗോവിന്ദച്ചാമിയെണെന്ന് സുപ്രീംകോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മരണകാരണമായ രണ്ടാമത്തെ മുറിവ് ഉണ്ടാക്കിയത് പ്രതിയാണെന്ന് സുപ്രീം കോടതിയില്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയമുണ്ടായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
യു.ഡി.എഫ് സര്‍ക്കാര്‍ വിചാരണ കോടതിയിലും ഹൈക്കോടതിലും കേസ് ജാഗ്രതയോടെ നടത്തിയതിനാലണ് പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്. പക്ഷേ ആ ജാഗ്രത നിലനിര്‍ത്താന്‍ പിന്നീട് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കരിന് കഴിഞ്ഞില്ല. വിചാരണക്കോടതിയിലും ഹൈക്കോടതിയിലും കേസ് സമര്‍ത്ഥമായി കൈകാര്യം ചെയ്ത അഭിഭാഷകന്റെയും അന്വേഷണ സംഘത്തിന്റെയും സേവനം സുപ്രീംകോടതിയില്‍ ഉറപ്പാക്കാന്‍ സര്‍ക്കരിന് കഴിഞ്ഞുമില്ല. സുപ്രീംകോടതിയില്‍ കേസിന്റെ നടത്തിപ്പിന് വിചാരണ കോടതിയില്‍ കേസ് വാദിച്ച അഡ്വ. സുരേശന്റെ പ്രത്യേക സേവനം തേടണമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവുമിറക്കിയിരുന്നു. പക്ഷേ ഇടതു സര്‍ക്കാരിന് അത് പാലിക്കാനായില്ല. സുപ്രീം കോടതിയില്‍ കേസ് നടത്തിപ്പിന് നിയോഗിച്ചിരുന്ന സ്റ്റാന്റിംഗ് കോണ്‍സലിനെ മാറ്റി പുതിയ ആളെ നിയോഗിച്ചു. പക്ഷേ അദ്ദേഹത്തിന് കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ല. കേസ് പരിഗണനയ്ക്ക് വരുന്ന വിവരം പോലും കൃത്യസമയത്ത് ആഭ്യന്തര വകുപ്പിനെ അറിയിച്ചില്ല. ആഭ്യന്തര സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും എ.ജിയുടെയും യോഗം വിളിച്ചാണ് സുപ്രീംകോടതിയില്‍ എന്തു നിലപാടെടുക്കണമെന്ന് തീരുമാനിക്കേണ്ടത്. അതുണ്ടായില്ല. തികച്ചും ലാഘവത്തോടെയാണ് ഇടതു സര്‍ക്കാര്‍ കേരളത്തിന്റെ മനസാക്ഷിയെ കരിയിച്ച ഈ കേസ് കൈകാര്യം ചെയ്തത്. സുപ്രീം കോടതിയില്‍ തുടക്കത്തിലുണ്ടായ വീഴ്ചയാണ് അവിടെ കേസ് പരാജയപ്പെടുന്നതിന് കാരണമായതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.