തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍നിന്ന് സ്പീക്കര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി. കേരള പിറവിക്ക് ശേഷമുള്ള അടിയന്തര പ്രമേയങ്ങളുടേയും അവ നിരാകരിച്ചതിന്റെയും ചര്‍ച്ച ചെയ്തതിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.
ഒരു സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തര പ്രമേയങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്പീക്കര്‍ തള്ളിയത് ചരിത്രത്തില്‍ ആദ്യമാണ്. 234 ദിവസം നിയമസഭ സമ്മേളിച്ച പതിമൂന്നാമത് കേരള നിയമസഭയില്‍ 191 അടിയന്തര പ്രമേയങ്ങളില്‍ അംഗങ്ങളെ കേള്‍ക്കാതെ തള്ളിയത് ഏഴ് എണ്ണം മാത്രം. അത് പോലെ ഒന്നാം പിണറായി സര്‍ക്കാറിന്റെ 2016-2021 കാലഘട്ടത്തിലെ 174 അടിയന്തര പ്രമേയ നോട്ടീസില്‍ അംഗത്തിന് സംസാരിക്കാന്‍ അവസരം നല്‍കാതെ തള്ളിയത് വെറും എട്ടണ്ണം.
എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ ഇത് വരെയുള്ള കാലയളവില്‍ (15ാമത് കേരള നിയമസഭ) എട്ടു സമ്മേളനങ്ങളിലായി, ഇത് വരെ കൂടിയ 110 ദിവസങ്ങളിലായി 11 അടിയന്തര പ്രമേയങ്ങളാണ് അംഗങ്ങള്‍ക്ക് ഒരു വാക്ക് പോലും സംസാരിക്കാന്‍ പോലും അവസരമില്ലാതെ തള്ളിയത്. ആ 11 എണ്ണത്തില്‍ ഇപ്പോള്‍ നടക്കുന്ന എട്ടാമത് സമ്മേളന കാലയളവില്‍ മാത്രം തള്ളിയത് ആറ് അടിയന്തര പ്രമേയങ്ങള്‍. ഇത് സഭാ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇപ്പറയുന്ന ആറ് അടിയന്തര പ്രമേയങ്ങളും തള്ളിയതാകട്ടെ രാഷ്ടീയ കാരണങ്ങളാലാണ്.
ഒരു മാനദണ്ഡവും അതിന് പാലിക്കപ്പെട്ടില്ലെന്നത് സഭക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. സ്പീക്കര്‍ സര്‍ക്കാറിന്റെ വക്താവായി മാത്രം ചുരുങ്ങരുതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കേരള പിറവിക്ക് ശേഷം 1200 അടിയന്തര പ്രമേയങ്ങളില്‍ 32 എണ്ണമാണ് സഭ ചര്‍ച്ചെക്കെടുത്തത്. അംഗങ്ങള്‍ക്ക് സംസാരിക്കാര്‍ അവസരം നല്‍കാതെ നിഷേധിച്ചത് നാമമാത്രമാണെന്നത് ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും അനുമതിയില്ലാതെ തള്ളിയതിന്റെ റെക്കോര്‍ഡ് ഇനി ഈ സ്പീക്കര്‍ക്കു മാത്രം സ്വന്തമെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
ബഹു സ്പീക്കര്‍,
15-ാം കേരള നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ നിയമസഭാ ചട്ടം 50 പ്രകാരം പ്രതിപക്ഷാംഗങ്ങള്‍ അവതരണാനുമതി തേടി നോട്ടീസ് നല്‍കിയിരുന്ന ചരക്കുകളുടേയും, സേവനങ്ങളുടേയും സംസ്ഥാനന്തര നീക്കത്തിലൂടെ ലഭിക്കുന്ന നികുതി (IGST) ഇനത്തില്‍ സംസ്ഥാനത്തിന് അര്‍ഹമായ നികുതി വിഹിതം ലഭിക്കുന്നില്ല എന്ന വിഷയവും, കെഎസ്ആര്‍ടിസി യില്‍ ജോലി ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണ വേതനം ഉറപ്പ് നല്‍കാത്ത പ്രശ്‌നവും, ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് ചേര്‍ന്ന കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് കൗണ്‍സിലര്‍മാരെ പോലീസ് മര്‍ദ്ദിച്ച പ്രശ്‌നവും,തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായി നടക്കുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ ഉണ്ടായ പരാജയം സംബന്ധിച്ചും ഉള്ള നോട്ടീസുകള്‍ക്ക് ഓരോ കാരണങ്ങള്‍ പറഞ്ഞ് അവതരണാനുമതി തേടുന്നതില്‍ നിന്നും തടഞ്ഞ അങ്ങയുടെ നടപടി പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ നിഷേധിക്കുന്നതും പുതിയ കീഴ്‌വഴക്കം സൃഷ്ട്ടിക്കുന്നതും ആണ്.
എക്‌സിക്യുട്ടീവിന് നിയമസഭയോടുള്ള Accountabltiy ഉറപ്പാക്കുന്നതിന് സഭയില്‍ അവതരണാനുമതി തേടുന്ന അടിയന്തിര പ്രമേയ നോട്ടീസുകള്‍ക്ക് എത്രത്തോളം പ്രധാന്യവും, പ്രസക്തിയും ഉണ്ട് എന്ന് അങ്ങേയ്ക്ക് ബോധ്യമുള്ളതാണല്ലോ. 1957 ന് ശേഷം ഇതുവരെ 1200ല്‍പരം അടിയന്തിര പ്രമേയ നോട്ടീസുകള്‍ക്ക് അവതരണാനുമതി തേടിയിട്ടുണ്ടെങ്കിലും 32 നോട്ടീസുകള്‍ക്ക് മാത്രമേ 65 വര്‍ഷത്തിനുള്ളില്‍ അവതരണാനുമതി ലഭിച്ചിട്ടുളളൂ എന്നിരുന്നാലും അങ്ങയുടെ മുന്‍ഗാമികളായ സ്പീക്കര്‍മാര്‍ പ്രതിപക്ഷം നല്‍കുന്ന അടിയന്തിര പ്രമേയനോട്ടീസുകള്‍ക്ക് അവതരണാനുമതി തേടുന്നതിന് അവസരം അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങളിലും, ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍, ചോദ്യം എന്നീ രൂപത്തില്‍ മുന്‍പ് സഭയില്‍ വന്ന വിഷയങ്ങളിലും അടിയന്തിര പ്രമേയ നോട്ടീസുകള്‍ നല്‍കിയിരുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് നീതി പുലര്‍ത്തുന്നതില്‍ അങ്ങയുടെ മുന്‍ഗാമികള്‍ തുറന്ന മനസ്സാണ് കാണിച്ചിട്ടുള്ളത്.
13-ാം കേരള നിയമസഭയുടെ കാലയളവില്‍ (2011-2016) ഒന്നാം സമ്മേളനത്തില്‍ 29.06.2011, 11.07.2011 എന്നീ തീയതികളില്‍ സാംക്രമിക രോഗ വ്യാപനം സംബന്ധിച്ചും, 7-ാം സമ്മേളന കാലത്ത് സൂര്യനെല്ലിവിഷയം 04.02.2013, 07.02.2013, 11.02.2013, 13.02.2013 എന്നീ തീയതികളിലും, 8-ാം സമ്മേളന കാലയളവില്‍ യാമിനി തങ്കച്ചി വിഷയം 19.03.2013, 02.04.2013, 09.04.2013 എന്നീ തീയകളിലും, 09-ാം സമ്മേളന കാലയളവില്‍ 13.06.2013, 17.06.2013, 19.06.2013, 20.06.2013 എന്നീ തീയതികളില്‍ സോളാര്‍ വിഷയങ്ങളും, പത്താം സമ്മേളന കാലയളവില്‍ 07.01.2014, 29.01.2014 എന്നീ തീയതികളില്‍ പരിസ്ഥിതിലോല വിഷയങ്ങളും, 12-ാം സമ്മേളന കാലത്ത് 01.12.2014, 12.12.2014 എന്നീ തീയതികളിലും, 13-ാം സമ്മേളന കാലയളവില്‍ 10.03.2015, 12.03.2015 എന്നീ തീയകളിലും 15-ാം സമ്മേളന കാലയളവില്‍ 30.11.2015, 15.12.2015 എന്നീ തീയതികളിലും ബാര്‍കോഴ സംബന്ധമായ വിഷയങ്ങളും അടിയന്തിര പ്രമേയ നോട്ടീസുകള്‍ക്ക് സഭയില്‍ അവതരണാനുമതി തേടുകയും ബഹു. സ്പീക്കര്‍മാര്‍ പ്രസ്തുത നോട്ടീസുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
13-ാം കേരള നിയമസഭയുടെ 12-ാം സമ്മേളന കാലത്ത് 02.12.2014 ന് സഭയില്‍ ചോദ്യോത്തര വേളയില്‍ 20 മിനിട്ട് ചര്‍ച്ച ചെയ്ത LNG പ്രോജക്ട് വിഷയം 11.12.2014 ല്‍ ശ്രീ. എസ്.ശര്‍മ്മയ്ക്ക് അടിയന്തിര പ്രമേയമായി കൊണ്ടുവന്ന് അവതരണാനുമതി തേടുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന കാര്യം കൂടി അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.
It is the absolute privilege of the Legislature and Members thereof to discuss and deliberate all matters pertaining to the governance of the coutnry and its people. Freedom of Speech on the floor of the House is the essence of parliamentary democracy ***** **** while applying the retsrictions regarding the rule of sub judice, it has to be ensured that primary right of freedom of speech is not unduly impaired to the prejudice of the Legislaturs (Kaul and Shakdher page 1190, 1191) എന്ന കാര്യം അടിയന്തിര പ്രമേയ നോട്ടീസുകള്‍ പരിഗണിക്കുമ്പോള്‍ മുന്‍തൂക്കം നല്‍കുന്ന കീഴ്‌വഴക്കം ആണ് നമ്മുടെ സഭയില്‍ ഉണ്ടായിരുന്നത്.
Rule of Subjudice has application only during the period when the matter is under active consideration of court of law എന്ന കാര്യം പോലും പരിഗണിക്കാതെ നോട്ടീസുകള്‍ പ്രാഥമിക ഘട്ടത്തില്‍ തളളുന്നത് എക്‌സിക്യൂട്ടീവിനെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന ആക്ഷേപത്തിന് കൂടൂതല്‍ ബലം പകരുന്നതിന് മാത്രമേ ഉപകരിക്കൂ.
237 ദിവസം സമ്മേളിച്ച 13-ാം കേരള നിയമസഭയുടെ കാലയളവില്‍ ലഭിച്ച 191 അടിയന്തിര പ്രമേയ നോട്ടീസുകളില്‍ 7 എണ്ണത്തിന് മാത്രമാണ് അംഗത്തെ കേള്‍ക്കാതെ അനുമതി നിഷേധിച്ചിട്ടുള്ളത്.
ഇതിനകം 110 ദിവസം മാത്രം സമ്മേളിച്ച 15-ാം കേരള നിയമസഭയില്‍ നോട്ടീസ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസുകളില്‍ 11 എണ്ണത്തിന് സഭയില്‍ പരാമര്‍ശിക്കാതെ അവതരണാനുമതി നിഷേധിക്കുകയോ / പരാമര്‍ശിച്ചതിനുശേഷം അവതരണാനുമതി തേടിയ അംഗത്തിന് പ്രസംഗിക്കാനുള്ള അനുമതിമതി പോലും നല്‍കാതെ നിഷേധിക്കുകയോ ചെയ്തിട്ടുണ്ട്. ഇത് തികച്ചും ദൗര്‍ഭാഗ്യകരവും, പ്രതിപക്ഷത്തിന്റെ അവകാശങ്ങളുടെ നിഷേധവുമാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതിനുള്ള എക്‌സിക്യുട്ടീവിന്റെ നീക്കത്തിന് എതിരെ അങ്ങ് ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ അങ്ങയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അഭ്യര്‍ഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.