ആലപ്പുഴ: പശു ദൈവം തന്നെയാണെന്നും ഗോ സംരക്ഷണ ഉത്തരവ് പിൻവലിക്കുന്ന പ്രശ്നമില്ലെന്നും കേന്ദ്രമന്ത്രി രമേശ് ചന്ദപ്പ ജിഗാജിനഗി. പശുവിനെ അമ്മക്കും ദൈവത്തിനും പകരമായി പരിഗണിക്കാമെന്ന ഹൈദരാബാദ് ഹൈകോടതി പരാമർശവും, ആലപ്പുഴയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം എടുത്ത് പറഞ്ഞു.
ആലപ്പുഴയിൽ വിവിധ പരിപാടികൾക്കായി എത്തിയ കർണാടക സ്വദേശിയായ രമേശ് ചന്ദപ്പ ജിഗാജിനഗി, കുടിവെള്ള-ശുചീകരണ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ്. ഗോ മാംസം തന്നെ കഴിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് രാഷ്ട്രീയ അജണ്ടയാണെന്ന് കേന്ദ്രമന്ത്രിയെ അനുഗമിച്ച ബി.ജെ.പി മുൻസംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ പറഞ്ഞു. ബീഫ് പോത്തിറച്ചിയാണെന്നും കേരളത്തിൽ അതിന് നിരോധമില്ലെന്നും നല്ല ഇറച്ചി ലഭിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ഗോവധത്തിന് എതിരായിരുന്നുവെന്ന് അഭിപ്രായപ്പെട്ട പത്മനാഭൻ കറവ വറ്റിയ പശുക്കളെ സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് നിർദേശിച്ചു.ഡൽഹി എ.കെ.ജി ഭവനിലെ സംഭവത്തിൽ സംഘ്പരിവാറിന് ബന്ധമില്ലെന്ന് ആവർത്തിച്ച സി.കെ. പത്മനാഭൻ, സീതാറാം യെച്ചൂരി ട്വിറ്ററിൽ നടത്തിയ പ്രതികരണമാണ് പിന്നീടുണ്ടായ പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.