കൊച്ചി: ആലപ്പുഴയിൽ ബി.ജെ.പി നേതാവ് അഡ്വ. രൺജിത് ശ്രീനിവാസനെ വധിച്ച കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളിൽ നാലുപേർ ഹൈകോടതിയിൽ അപ്പീൽ ഹരജി നൽകി. ശരിയായി വിചാരണ നടത്താതെയും മുൻധാരണകളോടെയുമാണ് മാവേലിക്കര അഡീ. സെഷൻസ് കോടതി ജനുവരി 30ന് വധശിക്ഷ വിധിച്ചതെന്നും ഇത് റദ്ദാക്കി വെറുതെവിടണമെന്നും ആവശ്യപ്പെട്ട് ഒന്നുമുതൽ നാലുവരെ പ്രതികളായ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം എന്നിവരാണ് ഹരജി നൽകിയത്.
അപ്പീലിൽ സർക്കാറിന് നോട്ടീസ് അയച്ച കോടതി, ഹരജി മാർച്ച് 13ലേക്ക് മാറ്റി.2021 ഡിസംബർ 19ന് വീട്ടിൽ അതിക്രമിച്ചു കയറിയ പോപുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽവെച്ച് രൺജിത്തിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത് വധം.
കേസിലെ 15 പ്രതികൾക്കും ജനുവരി 30ന് അഡീ. സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. ഇത് നിയമവിരുദ്ധവും വസ്തുതാരഹിതവും സാഹചര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
കുറ്റവിമുക്തരാക്കാൻ അർഹരായ പ്രതികൾക്കുനേരെ മുൻധാരണയോടെ നടത്തിയ വിധിയാണിത്. മതിയായ തെളിവുകളില്ലാതെയാണ് കുറ്റവാളികളെന്ന് കണ്ടെത്തിയത്. പ്രതികളുടെ വാദങ്ങൾ വേണ്ടവിധം പരിഗണിച്ചില്ല. അഡ്വക്കറ്റ് എന്നുവിളിച്ചാണ് കൊല്ലപ്പെട്ടയാളെ കോടതി പരാമർശിച്ചിരുന്നത്. കേസ് കേട്ടത് വൈകാരികമായാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. വധശിക്ഷ നൽകാൻ മതിയായ തെളിവുകൾ കോടതിക്ക് മുമ്പാകെ എത്തിയിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. അതേസമയം, പ്രതികളുടെ വധശിക്ഷ ശരിവെക്കേണ്ടതുണ്ടോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നടപടി തുടങ്ങി. വധശിക്ഷക്ക് വിധിച്ച 15 പ്രതികൾക്കും കോടതി നോട്ടീസ് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.