കൊച്ചി: വർഷങ്ങളായി പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം മകൾ തുറന്നുപറഞ്ഞത് പ്രായപൂർത്തിയായശേഷമാണെന്നത് ആരോപണം അവിശ്വസിക്കാനുള്ള കാരണമല്ലെന്ന് ഹൈകോടതി. കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന പീഡനം പല സാഹചര്യങ്ങൾകൊണ്ടാകും പുറത്തുപറയാതിരുന്നത്. അതിനാൽ, വർഷങ്ങൾക്കുശേഷം ഇര നൽകുന്ന പരാതി അവിശ്വസിക്കേണ്ടതില്ല. കേസിന്‍റെ സാഹചര്യങ്ങളും മറ്റു തെളിവുകളും നോക്കിയാണ് ഇക്കാര്യം വിലയിരുത്തുന്നതെന്നും ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മകളെ പീഡിപ്പിച്ചെന്ന കേസിൽ ജീവിതാന്ത്യംവരെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പിതാവ് നൽകിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. പീഡനക്കുറ്റം ഡിവിഷൻ ബെഞ്ച് ശരിവെച്ചെങ്കിലും ജീവിതാന്ത്യം വരെയുള്ള തടവുശിക്ഷ 20 വർഷമായി നിജപ്പെടുത്തി. ചെറുപ്പം മുതലേ പീഡനം നേരിടുന്നുവെന്ന് ആരോപിക്കുന്ന പെൺകുട്ടി പ്രായപൂർത്തിയായശേഷം മാത്രം പരാതിയുമായെത്തിയത് അവിശ്വസനീയമാണെന്നും സാക്ഷിമൊഴിയിൽ അവ്യക്തതയുണ്ടെന്നുമായിരുന്നു അപ്പീലിൽ പ്രതിയുടെ വാദം. എന്നാൽ, കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതിനാലാണ് അമ്മയോടുപോലും പരാതി പറയാതിരുന്നതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
സ്‌കൂളിൽ പോകാത്തതിന് മകളെ കഠിനമായി ശകാരിച്ചതിന്‍റെ ദേഷ്യത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന പിതാവിന്‍റെ വാദം കോടതി തള്ളി. ഇരയുടെയും സാക്ഷികളുടെയും മൊഴികളും തെളിവുകളും പരിശോധിച്ച കോടതി, ഹരജിക്കാരനെ കുറ്റക്കാരനായി കണ്ടെത്തിയ വിചാരണക്കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു.
എന്നാൽ, പ്രതിയുടെ സാമൂഹിക പശ്ചാത്തലം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് അനുവദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.