മലപ്പുറം: മുസ്‍ലിം ലീഗ് -സമസ്ത അസ്വാരസ്യത്തിനിടെ പുതിയ വിവാദമായി എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ പ്രസംഗം. പാണക്കാട് കുടുംബത്തിനെതിരെ പരോക്ഷവിമർശനം നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോടിന്റെ പ്രസംഗമാണ് ഇപ്പോൾ വിവാദമാകുന്നത്.
ഒരു നേതാവിനും ഒരു തറവാടിനും ആദർശത്തെ തരിപ്പണമാക്കാൻ കഴിയില്ലെന്നായിരുന്നു റഷീദ് ഫൈസി വെള്ളായിക്കോട് പറഞ്ഞത്. ഇന്നലെ എസ്.കെ.എസ്.എസ്.എഫ് എടവണ്ണപ്പാറ മേഖലാ സമ്മേളനത്തിൽ പ്രസംഗിക്കവെയായിരുന്നു പരാമർശം. ‘ഒരു തമ്പുരാക്കന്മാർക്കും ഒരു നേതാവിനും ഒരു തറവാടിനും ആദർശത്തെ തരിപ്പണമാക്കാൻ കഴിയില്ല. അങ്ങനെ തറവാടൊന്നുമില്ല. ഒരു നേതൃത്വവും ഇല്ല. സത്യത്തിന്റെ വഴിയിലാണ് ഉറച്ചു നിൽക്കുന്നത്.ഒരു പക്ഷേ, ഭീഷണിയും കണ്ണുരുട്ടലും ഒറ്റപ്പെടുത്തലും ഉണ്ടായാലും ഭയപ്പെടേണ്ടതില്ല. സമസ്തയുടെ നിലപാട് വിജയിക്കും. അത് വിജയിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളൂ’ -റഷീദ് ഫൈസി പറഞ്ഞു.
എന്നാൽ, പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. പ്രസംഗ ഭാഗം മുറിച്ചെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പാണക്കാട് കുടുംബത്തെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന നിലയിലുള്ള വ്യാഖ്യാനം ഒട്ടും ശരിയല്ലെന്നും ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഖുർആൻ സൂക്തത്തിൻ്റെ വിശദീകരണത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
എസ് കെ എസ് എസ് എഫ് എടവണ്ണപ്പാറ മേഖലാ സമ്മേളനത്തിലെ എൻ്റെ പ്രസംഗ ഭാഗം മുറിച്ചെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്നതായി അറിയാൻ കഴിഞ്ഞു. ആദരണീയരായ പാണക്കാട് കുടുംബത്തെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന നിലയിലുള്ള വ്യാഖ്യാനം ഒട്ടും ശരിയല്ല. ഒരു ഖുർആൻ സൂക്തത്തിൻ്റെ വിശദീകരണത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരാണ്. ഞാൻ നടത്തിയ തറവാട് എന്ന പരാമർശത്തിൽ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ല. ഞാൻ ഇന്ന് വരെ ആദരണിയരായ പാണക്കാട് കുടുംബത്തെ പരോക്ഷമായി പോലും വിമർശിക്കുകയോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും അവരോട് ആദരവും ബഹുമാനവും കാത്തു സൂക്ഷിക്കുന്ന വ്യക്തിയുമാണ്. എൻ്റെ പരാമർശത്തിൽ ആർക്കെങ്കിലും തെറ്റുദ്ധാരണയുണ്ടായെങ്കിൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഇത് സംബന്ധമായ ചർച്ചകളിൽ നിന്ന് എല്ലാവരും പിൻമാറണമെന്ന് അഭ്യർത്ഥിക്കുന്നു.
റശീദ് ഫൈസി വെള്ളായിക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.