തൃശൂർ: റേഷൻ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെടാൻ ഓൺലൈനിൽ ലഭിച്ചത് 37,514 അപേക്ഷ. അപേക്ഷ സ്വീകരിക്കുന്ന പ്രക്രിയ ഓൺലൈനിലേക്ക് മാറിയ ഈ സാമ്പത്തികവർഷം മേയ് 20 മുതൽ ജൂൺ 30വരെയാണ് ഇത്രയും അപേക്ഷ ലഭിച്ചത്. പൊതുവിതരണ വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.civilsupplieskerala.comൽ ഇതിന് പ്രത്യേക മെഡ്യൂൾ തയാറാക്കിയിരുന്നു.
ഈ മാസം 15വരെ താലൂക്ക് സപ്ലൈ ഓഫിസുകളിൽ റേഷനിങ് ഇൻസ്പെക്ടർമാർ അപേക്ഷയിൽ സൂക്ഷ്മ പരിശോധന നടത്തും. അതേസമയം, തുടർ നടപടികളിൽ അവ്യക്തത തുടരുകയാണ്. ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാത്ത അപേക്ഷകളുടെ കാര്യത്തിലാണ് പ്രധാന ആശങ്ക. മാത്രമല്ല, അപ്ലോഡ് ചെയ്തവയിലെ അവ്യക്ത തീർക്കാനും ആവശ്യമായവ സമർപ്പിക്കാൻ ആവശ്യപ്പെടാനും കഴിയാത്ത സാഹചര്യവുമുണ്ട്.
ഇക്കാര്യത്തിൽ ഒരുനിർദേശവും വകുപ്പ് നൽകിയിട്ടില്ല. മെഡ്യൂൾ പിൻവലിച്ചതിനാൽ അതിലൂടെ ഇത്തരം കാര്യങ്ങൾ അപേക്ഷകരോട് ചോദിക്കാനുമാവില്ല. മാത്രമല്ല, അപേക്ഷകൾ സ്വീകരിക്കപ്പെട്ടോ തള്ളിയോ എന്നും അറിയാനാകില്ല.അപേക്ഷകരുടെ മൊബൈൽ നമ്പറിൽ വിളിച്ച് സർട്ടിഫിക്കറ്റുകൾ താലൂക്ക് ഓഫിസുകളിൽ എത്തിക്കാൻ നിർദേശം നൽകണമെന്നാണ് ജീവനക്കാരുടെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ വകുപ്പ് നിലപാട് വ്യക്തമാക്കിയിട്ടില്ല. അന്ത്യോദയ, മുൻഗണന വിഭാഗങ്ങളാണ് കേരളത്തിലെ റേഷൻ ഗുണഭോക്താക്കൾ.
ഒരുറേഷൻ കാർഡിലും പേരില്ലാത്ത ഒരുകുടുംബം പുതിയ കാർഡെടുക്കുമ്പോൾ എല്ലാവർക്കും പൊതുകാർഡാണ് (വെള്ള) നൽകുക. ശേഷം മുൻഗണനപ്പട്ടികയിൽ ഉൾപ്പെടാൻ അപേക്ഷ നൽകുകയാണ് വേണ്ടത്. എന്നാൽ, താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ നൽകുന്നതിനുപുറമെ നേരത്തേ മന്ത്രിക്കും എം.എൽ.എക്കും കലക്ടർക്കുമടക്കം അപേക്ഷ നൽകുകയായിരുന്നു ജനം.
ഒരാൾതന്നെ നാല് അപേക്ഷ ചുരുങ്ങിയത് നൽകുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് ഓൺലൈനിലേക്ക് മാറ്റിയത്. മാത്രമല്ല, റേഷൻ കാർഡിനുള്ളതടക്കം വിവിധ അപേക്ഷകളും ഓൺലൈനിലേക്ക് നേരത്തേതന്നെ മാറ്റിയിരുന്നു. കൂടുതൽ മാർക്ക് ലഭിച്ചവർ മുൻഗണനപ്പട്ടികയിൽ ഇടംപിടിക്കും. നിലവിൽ 92,68,854 റേഷൻകാർഡിൽ 5,89,565 അന്ത്യോദയയും 34,81,215 മുൻഗണന കാർഡുകളുമാണുള്ളത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ നേരത്തേ ഇടംപിടിച്ച രണ്ടര ലക്ഷത്തോളം അനർഹരെ പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.