പയ്യന്നൂർ: റേഷൻ മുൻഗണനാ പട്ടികയിൽ കടന്നുകൂടിയ അനർഹരായ സഹകരണസംഘം ജീവനക്കാർ കാർഡ് മാറ്റിയില്ലെങ്കിൽ കുടുങ്ങും. കാർഡ് തിരിച്ചുനൽകി മാറ്റിവാങ്ങാത്ത ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സഹകരണവകുപ്പ് നിർേദശം നൽകി.
സഹകരണസംഘം രജിസ്ട്രാർ എസ്. ലളിതാംബികയുടെ 37/2017 സർക്കുലറിലാണ് കാർഡിൽ കടന്നുകൂടിയ അനർഹർ കാർഡ് തിരിച്ചുകൊടുത്ത് പുതിയ കാർഡ് വാങ്ങാൻ ആവശ്യപ്പെട്ടത്.
റേഷൻ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സഹകരണവകുപ്പ് ഉദ്യോഗസ്ഥരും സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ മാസം 10ന് മുമ്പ് കാർഡ് മാറ്റിയെടുക്കണമെന്ന് സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ മേധാവികൾ ഉറപ്പുവരുത്തണമെന്നും പാലിക്കാത്ത ജീവനക്കാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും നിർേദശമുണ്ട്.
മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ, പെൻഷൻകാർ, പൊതുമേഖലയിലെ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസിൽ കാർഡുകൾ തിരിച്ചുനൽകി മാറ്റിയെടുക്കണമെന്ന് സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു.
പലരും ഇത് അവഗണിച്ചതിനെത്തുടർന്നാണ് സഹകരണസംഘം രജിസ്ട്രാർ അന്ത്യശാസനവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.