തിരുവനന്തപുരം: സർവർ സാങ്കേതിക തകരാറിനെതുടർന്ന് സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം മുടങ്ങി. വെള്ളിയാഴ്ച ഒന്നരമണിക്കൂർ മാത്രമാണ് റേഷൻ വിതരണം നടത്താനായത്. വിതരണം സ്തംഭിച്ചതോടെ കാർഡുടമകളുടെ പ്രതിഷേധത്തെ തുടർന്ന് പല കടകളും വൈകീട്ടോടെ അടച്ചിട്ടു.
രാവിലെ എട്ടിന് കടകൾ തുറന്നെങ്കിലും മിക്കയിടത്തും 11.30 വരെ ഇ-പോസ് മെഷീൻ പ്രവർത്തിച്ചില്ല. മെഷീൻ വിതരണം ചെയ്ത വിഷൻ ടെക് കമ്പനിയുടെ സാങ്കേതിക തകരാറാണ് കാരണമെന്നും ഉച്ചയോടെ പ്രശ്നം പരിഹരിക്കുമെന്നുമായിരുന്നു ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്‍റെ പ്രതികരണം.
എന്നാൽ, വൈകീട്ട് അഞ്ചോടെ സർവർ വീണ്ടും സ്തംഭിച്ചതായി റേഷൻ വ്യാപാരികൾ അറിയിച്ചു. ഇതോടെ 14,161 റേഷൻ കടകളിലായി 2,29,941 ഇടപാടുകൾ മാത്രമാണ് വെള്ളിയാഴ്ച നടന്നത്.
മൂന്ന് മാസമായി സംസ്ഥാനത്ത് റേഷൻ വിതരണം സുഗമമായി നടത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പിന് കഴിഞ്ഞിട്ടില്ല. മാർച്ചിൽ റേഷൻ വിതരണം മുടങ്ങിയതോടെ മന്ത്രി ജി.ആർ. അനിൽ എൻ.ഐ.സി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇൻറർനെറ്റ് സർവിസ് പ്രൊവൈഡറായ ബി.എസ്.എൻ.എല്ലിന്‍റെ ബാൻഡ് വിഡ്ത്ത് വർധിപ്പിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു എൻ.ഐ.സിയുടെ കണ്ടെത്തൽ. 2017ലെ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശം നൽകി. ഇതിന്‍റെ പ്രവർത്തനം പൂർത്തിയായതിന് പിന്നാലെ ഏപ്രിൽ അവസാനത്തോടെ സർവർ വീണ്ടും പണിമുടക്കി. ഹൈദരാബാദിലെ ആധാർ സർവറുമായി ബന്ധപ്പെട്ട് ഡാറ്റാ മൈഗ്രേഷനായിരുന്നു പ്രശ്നങ്ങൾക്ക് കാരണമെന്ന് അന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ മൂന്നുദിവസം റേഷൻ കടകൾ പൂർണമായി അടച്ചിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.