തിരുവനന്തപുരം: കൃത്യസമയത്ത് ഉപയോഗിക്കാത്തതിനെ തുടർന്ന് കേരളത്തിനുള്ള റേഷൻ മണ്ണെണ്ണ കേന്ദ്രം വെട്ടിക്കുറച്ചു. കഴിഞ്ഞ ഡിസംബറിൽ അനുവദിച്ച വിഹിതം യഥാസമയം ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിലാണ് സംസ്ഥാനം വീഴ്ചവരുത്തിയത്. ഇതോടെ ഏപ്രിൽ മുതൽ ജൂൺ വരെ കേരളത്തിനു ലഭിക്കേണ്ട വിഹിതത്തിൽനിന്ന് 1164 കിലോ ലിറ്ററിന്റെ (11.64 ലക്ഷം ലിറ്റർ) മണ്ണെണ്ണ കേന്ദ്രം വെട്ടിക്കുറച്ചു.
പി.ഡി.എസ്, നോണ്‍-പി.ഡി.എസ് ഇനങ്ങളിലാണ് കേന്ദ്രത്തിൽനിന്ന് മണ്ണെണ്ണ വിഹിതം ലഭിക്കുന്നത്. റേഷന്‍ കടകളിലൂടെ വിതരണം ചെയ്യേണ്ട മണ്ണെണ്ണ പി.ഡി.എസ് വിഹിതമായും മറ്റാവശ്യങ്ങള്‍ക്കുള്ളത് (ഉത്സവങ്ങള്‍ -കാര്‍ഷികാവശ്യം - മത്സ്യബന്ധനം - പ്രകൃതിക്ഷോഭം) സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം പരിശോധിച്ച് ബോധ്യപ്പെട്ടാൽ നോണ്‍-പി.ഡി.എസ് വിഹിതമായാണുമാണ് അനുവദിക്കുന്നത്.
എന്നാൽ, ഓരോ വർഷവും വൻതോതിൽ മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറക്കുകയാണ്. 2016ൽ അനുവദിച്ചിരുന്ന പി.ഡി.എസ് വിഹിതത്തിന്റെ അഞ്ചിലൊന്നു പോലും നിലവില്‍ നൽകുന്നില്ല. എൽ.പി.ജി ഉപയോഗവും സമ്പൂർണ വൈദ്യുതീകരണവും ചൂണ്ടിക്കാട്ടിയാണ് ഈ വെട്ടിക്കുറക്കൽ. ഇതിനെതിരെ നിരന്തരം കേന്ദ്രത്തെ സമീപിക്കുമ്പോഴാണ് അനുവദിച്ച മണ്ണെണ്ണതന്നെ കേരളം പാഴാക്കിയത്.
മുൻ വർഷം 1944 കിലോ ലിറ്ററായിരുന്നു (19.44 ലക്ഷം ലിറ്റർ) ത്രൈമാസ വിഹിതം. 2023 ഡിസംബറിൽ അനുവദിച്ച വിഹിതം ഏറ്റെടുക്കാനും വിതരണം ചെയ്യാനും വൈകിയതോടെ 13.36 ലക്ഷം ലിറ്റർ മണ്ണെണ്ണ ഈ വർഷം ഫെബ്രുവരി അവസാനവും റേഷൻ കടകളിൽ ശേഷിച്ചു. 60,000 ലിറ്റർ വിതരണം ചെയ്യാതെ പാഴാക്കിയ ഇടുക്കിയാണ് മുൻപന്തിയിൽ. ജില്ലയിലെ പ്രധാന ഡീലറായ സപ്ലൈകോ 36,000 ലിറ്ററും എണ്ണക്കമ്പനി ഡീലർ 24,000 ലിറ്ററും ഏറ്റെടുത്തില്ല.
മണ്ണെണ്ണ 11.64 ലക്ഷം ലിറ്റർ വെട്ടിക്കുറച്ചതോടെ 300 ലിറ്റർ വേണ്ട സ്ഥാനത്ത് 100-125 ലിറ്റർ വരെയാണ് ഓരോ കടക്കും അനുവദിക്കുന്നത്.
വിഹിതം കുറഞ്ഞതോടെ മണ്ണെണ്ണ വിതരണത്തിനെടുക്കാൻ കഴിയില്ലെന്ന് കാണിച്ച് റേഷൻ കടയുടമകളുടെ സംഘടനകൾ പൊതുവിതരണ വകുപ്പിന് കത്തുനൽകി. കുറഞ്ഞ വിഹിതം എടുക്കുമ്പോഴും കൈകാര്യച്ചെലവ് കുറയാത്തതാണ് വ്യാപാരികളുടെ എതിർപ്പിന് പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.