സിവിൽ സപ്ലൈസിന് റേഷൻ കട: എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്യുമെന്ന് ബേബിച്ചൻ മുക്കാടൻ

തിരുവനന്തപുരം: സിവിൽ സപ്ളൈസ് കോർപറേഷന് റേഷൻ കട നടത്താൻ അനുമതി നൽകിയാൽ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥികൾക്കെതിരേ വോട്ട് ചെയ്യുമെന്ന് ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ. 14000ൽപരം റേഷൻ വ്യാപാരികൾക്കും അത്രയും തന്നെ സെയിൻസ്മാൻമാർക്കും തൊഴിൽ നഷ്ടപ്പെടുന്ന നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോർട്ടബിലിറ്റി സംവിധാനം നിലവിലുളളതിനാൽ ഏതു കടയിൽ നിന്നും റേഷൻ വാങ്ങാൻ കഴിയും. പിന്നെവിടെയാണ് റേഷൻ വിതരണത്തിന് തടസം. റേഷൻ വ്യാപാരികളെ ഇല്ലാതാക്കി സപ്ളൈക്കോ റേഷൻ കടയും,അവിടെ പുതിയ നിയമനവും നടത്തി പണം ഉണ്ടാക്കാനാണു നീക്കമെങ്കിൽ ആ നീക്കത്തെ ശക്തമായി എതിർക്കും.തെരഞ്ഞെടുപ്പു പ്രചാരണം റേഷൻ കടകളിലൂടെ നടത്തി സർക്കാറിനെതിരേ ജനവികാരം ഉയർത്തും. സർക്കാറിനെതിരേ വിധിയെഴുതാൻ റേഷൻ വ്യാപാരികൾ ആഹ്വാനം ചെയ്യുമെന്നും ബേബിച്ചൻ മുക്കാടൻ പറഞ്ഞു.

രാജ്യത്ത് നടപ്പിലാക്കിയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്‍റെ പ്രത്യക്ഷമായ ലംഘനമാണ് സപ്ലൈക്കോ 3-ാം തീയതി തിരുവനന്തപുരത്ത് ആരംഭിക്കുവാൻ പോകുന്ന സപ്ലൈക്കോ റേഷൻ കട. ഒരു റേഷൻ കട ലൈസൻസി കട ഉപേക്ഷിച്ചത് മൂലമുണ്ടായ യാദൃശ്ചിക തീരുമാനം അല്ല ഇത്. ഉൽഘാടന നോട്ടീസിൽ പോലും സപ്ലൈക്കോ അനുവർത്തിക്കാൻ പോകുന്ന നയത്തിന്‍റെ ഭാഗമായാണെന്ന് സൂചനയുണ്ട്.

റേഷൻ വ്യാപാരികളുടെ അടിസ്ഥാന വേതനം മാനദണ്ഡമാക്കി 2000 ജീവനക്കാരെ പുതുതായി നിയമിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്.അതിനായി സർക്കാർ ആവശ്യപ്പെട്ട പ്രകാരം അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. റേഷൻ കടകൾ തട്ടി എടുക്കുന്നതിന്‍റെ ഭാഗമായി തന്നെയാണിത്. നിലവിലെ ജീവനക്കാരുടെ എണ്ണം കൂടുതൽ ആണെന്ന് പറയുമ്പോൾ ആണ് ഇത്തരത്തിൽ 2000 ജീവനക്കാരേ അധികമായി നിയമിക്കുന്നത്.

നിലവിൽ പുതിയ കടകൾ അനുവദിക്കുമ്പോൾ നിയമനങ്ങളിൽ സംവരണ വ്യവസ്ഥ പാലിക്കണം എന്ന് കോടതി ഉത്തരവുണ്ട്. അതും പാലിച്ചില്ല. കെ.ആർ.ഒ കരട് രേഖയിൽ പോലും വനിതാ സംഘങ്ങൾ, കുടുബശ്രീ, എക്സ് മിലട്ടറി, ഇവർക്കൊക്കെ മുൻഗണന നൽകണം എന്ന് പറഞ്ഞെങ്കിലും അതും പാലിച്ചില്ല.

പുതിയ കടകൾ അനുവദിക്കുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ പാലിക്കാതെ, റേഷൻ കടക്കാരെ ഇല്ലാതാക്കുക എന്ന ഏക ലക്ഷ്യത്തോടെയുളള സർക്കാർ നീക്കം അപലപനീയമാണ്. തിരുവനന്തപുരത്ത് നടത്തുന്ന കടയുടെ ഉത്ഘാടന പരിപാടികൾ റേഷൻ വ്യാപാരികൾ ബഹിഷ്കരിക്കും. സർക്കാർ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും ബേബിച്ചൻ മുക്കാടൻ മുന്നറിയിപ്പ് നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.