ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് മുഖ്യമന്ത്രിയുടെ സമ്മർദം മൂലം -ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മർദം മൂലമാണ് കണ്ണൂർ വി.സിയായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആദ്യം മുഖ്യമന്ത്രിയുടെ നിയമോപദേശകൻ തന്നെ വന്നുകണ്ടു. പിന്നീട് മുഖ്യമന്ത്രി നേരിട്ട് തന്റെ ഓഫിസിലെത്തി. തന്റെ നാട്ടുകാരനായതുകൊണ്ട് ഇക്കാര്യത്തിൽ അനുകൂല നിയമനം എടുക്കണമെന്ന് മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടുവെന്നും ഗവർണർ പറഞ്ഞു. ഈ സമ്മർദം മുലമാണ് തെറ്റാണെന്നറിഞ്ഞിട്ടും വി.സി പുനർനിയമനത്തിന് അനുമതി നൽകിയത്. നിയമവിരുദ്ധമാണിതെന്ന് അന്നേ മറുപടി നൽകിയതാണ്. എ.ജിയുടെ നിർദേശം വന്നപ്പോഴാണ് അംഗീകരിച്ചതെന്നും ഗവർണർ വ്യക്തമാക്കി.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു ഗവർണർ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. ഡിവിഷൻ ബെഞ്ചിന് വേണ്ടി ജസ്റ്റിസ് ജെ.ബി. പർദിവാലയാണ് വിധി പ്രസ്താവം നടത്തിയത്.

ബാഹ്യ ശക്തികൾക്ക് വഴങ്ങിയുള്ള നിയമനം ചട്ടവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചാൻസലർ എന്ന രീതിയിലാണ് വൈസ് ചാൻസലറുടെ നിയമനം ഗവർണർ നടത്തേണ്ടത്. വലിയ സമ്മർദമുണ്ടായെന്ന് ഗവർണർ തന്നെ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിയും കത്തെഴുതി. കത്തിന്‍റെ അടിസ്ഥാനത്തിലാണ് പുനർനിയമനത്തിന് അനുമതി നൽകിയതെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ എന്ന നിയമന അതോറിറ്റി ബാഹ്യ ശക്തികൾക്ക് വഴങ്ങിയിരിക്കുന്നുവെന്നും ഡിവിഷൻ ബെഞ്ച് വിധിയിൽ ചൂണ്ടിക്കാട്ടി.

ഹരജിക്കാരുടെ അപ്പീൽ അംഗീകരിച്ച സുപ്രീംകോടതി നാലു കാര്യങ്ങളാണ് പരിശോധിച്ചത്. ഇതിൽ മൂന്നു കാര്യങ്ങളെ കോടതി അനുകൂലിച്ചു. ഒരു വി.സിയെ പുനർനിയമിക്കാൻ സാധിക്കുമോ, യു.ജി.സി ചട്ടങ്ങൾ പുനർനിയമനത്തിന് ബാധകമാണോ, ഒരു വി.സിക്ക് 60 വയസ് എന്ന പ്രായപരിധി മറികടക്കാൻ സാധിക്കുമോ എന്നിവയാണ് പരിശോധിച്ചത്. ഒരു വി.സിയെ പുനർനിയമിക്കാൻ സാധിക്കും, ഒരു വി.സിയുടെ പുനർനിയമനത്തിന് 60 വയസ് എന്ന പ്രായപരിധി ബാധകമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ, വി.സി നിയമനത്തിൽ സ്വതന്ത്ര തീരുമാനം ഗവർണർക്ക് സ്വീകരിക്കാൻ സാധിച്ചില്ലെന്ന നാലാമത്തെ വിഷയം കോടതി ശരിവെച്ചു.

ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരെ സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് പുനർനിയമനം നടത്തിയതെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം.

Tags:    
News Summary - Re appointment due to pressure from Chief Minister says Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.