മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ നിലവിലുള്ള കുടിവെള്ളപദ്ധതിക്ക് വീണ്ടും ഫണ്ട്

മാനന്തവാടി: അറ്റകുറ്റ പ്രവൃത്തികൾ നടത്തി പുനരാരംഭിക്കേണ്ട കുടിവെള്ള പദ്ധതിയെ പുതിയ പദ്ധതിയാക്കി മാറ്റി 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്‍റെ വിചിത്ര നടപടി. എടവക ഗ്രാമപഞ്ചായത്തിലെ വാളേരി-പാലിയാണകുന്ന് കുടിവെള്ളപദ്ധതിക്കാണ് തുക അനുവദിച്ചത്.

വാളേരിയിൽ 10 വർഷം മുമ്പാണ് പാലിയാണകുന്ന് കുടിവെള്ളപദ്ധതി ആരംഭിച്ചത്. ജില്ല പഞ്ചായത്ത് അനുവദിച്ച എട്ടു ലക്ഷം രൂപ ഉപയോഗിച്ച് കിണർ, 10,000 ലിറ്റർ ടാങ്ക്, പമ്പ് ഹൗസ്, മോട്ടോർ, പൈപ്പുകൾ, വൈദ്യുതീകരണം എന്നിവ പൂർത്തീകരിച്ചാണ് മുപ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ചിരുന്നത്. ഉപഭോക്താക്കളുടേത് ഉൾപ്പെടെയുള്ള വൈദ്യുതി കുടിശ്ശിക കാരണം പദ്ധതി നിലക്കുകയായിരുന്നു.

ജലനിധി പദ്ധതിയും പ്രദേശത്ത് ആരംഭിച്ചതോടെ പാലിയാണകുന്ന് പദ്ധതി വിസ്മൃതിയിലായി. എന്നാൽ, ഇതേ പദ്ധതിക്കാണ് 10 ലക്ഷം രൂപ വീണ്ടും അനുവദിച്ചിരിക്കുന്നത്. ചുരുക്കം ചില പൈപ്പുകൾക്ക് മാത്രമാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളൂ. എന്നാൽ പഴയ പൈപ്പുകൾ മുഴുവൻ എടുത്തുകളഞ്ഞ് പുതിയത് ഇടുകയും കേടുപാടുകൾ സംഭവിക്കാത്ത ടാങ്കുകൾ മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്തു.

പ്രദേശത്ത് എവിടെയും ഒരു തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ലെങ്കിലും 8,28,435 രൂപ ഇതുവരെയായി ചെലവാക്കിയതായാണ് പദ്ധതിയുടെ ഗുണഭോക്താവും കിണറിന് സ്ഥലം വിട്ടുനൽകുകയും ചെയ്ത പ്രമോദിന് ലഭിച്ച വിവരാവകാശ രേഖകളിൽ വ്യക്തമാകുന്നത്. ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നാണ് ഗുണഭോക്താക്കളുടെ ആരോപണം. വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് പോലും ഓഫിസുകൾ കയറിയിറങ്ങേണ്ട സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികൾ മാത്രം നടത്തേണ്ട പദ്ധതിക്ക് ലക്ഷങ്ങൾ അനുവദിച്ച് അഴിമതിക്ക് കളമൊരുക്കിയിരിക്കുന്നത്.

അതേസമയം, കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് േബ്ലാക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം കെ.വി. വിജോൾ പറഞ്ഞു.

മുമ്പ് നിലച്ചു പോയ പദ്ധതി ഗുണഭോക്താക്കളുടെ ആവശ്യപ്രകാരമാണ് പുനരാരംഭിച്ചത്. മാറ്റിയിട്ട ടാങ്കുകൾക്ക് കേടുപാടുകളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മറ്റ് കുടിവെള്ളപദ്ധതിക്ക് ഉപയോഗപ്പെടുത്തും. ഓണത്തിന് മുമ്പ് ഗുണഭോക്താക്കൾക്ക് കണക്ഷനുകൾ നൽകുമെന്നും വി ജോൾ അറിയിച്ചു.

Tags:    
News Summary - Re-funding of existing drinking water scheme in Mananthavadi Block Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.