കണ്ണൂർ: തുടർച്ചയായ രണ്ടാം ദിവസവും കണ്ണൂരിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് പരിശോധന. വെള്ളിയാഴ്ചത്തെ ഹർത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് മട്ടന്നൂർ, ചാവശ്ശേരി, നടുവനാട്, പാലോട്ടുപള്ളി, തളിപ്പറമ്പ്, രാമന്തളി ഭാഗങ്ങളിൽ പരിശോധന നടത്തിയത്. ജില്ലയിലെ 10 സ്ഥാപനങ്ങളിൽ ഞായറാഴ്ച പൊലീസ് പരിശോധനയുണ്ടായിരുന്നു.
ഞായറാഴ്ച തുറക്കാത്ത സ്ഥാപനങ്ങളിലാണ് തിങ്കളാഴ്ച പൊലീസെത്തിയത്. മട്ടന്നൂർ മേഖലയിൽ ഹർത്താൽ അക്രമക്കേസുകളിൽ ഉൾപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തകർ ജീവനക്കാരായ സ്ഥാപനങ്ങളിലുമാണ് കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ഹർത്താൽ അക്രമസംഭവങ്ങളിലെ പ്രതികളുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ അക്രമം സംബന്ധിച്ച് ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം. പ്രതികളുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിലും പൊലീസെത്തി. മട്ടന്നൂർ മേഖലയിൽ എസ്.എച്ച്.ഒ എൻ. കൃഷ്ണൻ, എസ്.ഐ കെ.വി. ഉമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ എട്ടു കേസുകളിലായി 10 പ്രതികള്‍ റിമാന്‍ഡിലാണ്. ഒളിവിലുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിലും തിങ്കളാഴ്ച പരിശോധന നടന്നു. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചക്കുശേഷം രണ്ടോടെയാണ് മന്നയിലെ ഹോൾസെയിൽ സ്ഥാപനത്തിൽ പരിശോധന നടത്തിയത്. കാഞ്ഞിരങ്ങാട് ചെനയന്നൂരിലെ സ്ഥാപനത്തിലും പൊലീസെത്തി. രണ്ടിടത്തുനിന്നും ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ രാമന്തളി, വടക്കുമ്പാട് പ്രദേശങ്ങളിൽ പരിശോധന നടത്തി.
പോപുലർ ഫ്രണ്ടിന്റെ സാമ്പത്തികസ്രോതസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത് എന്നാണ് സൂചന. കണ്ണൂർ, താണ, മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ എന്നിവിടങ്ങളിലെ കടകളിലും സൂപ്പർമാർക്കറ്റുകളിലും ഞായറാഴ്ച പൊലീസെത്തി ലാപ്ടോപ്, ഡെസ്ക് ടോപ്, മൊബൈല്‍ ഫോണുകള്‍, ബാങ്ക് പാസ്ബുക്കുകള്‍ അടക്കമുള്ള രേഖകൾ ശേഖരിച്ചിരുന്നു. ഇവയുടെ വിദഗ്ധ പരിശോധനയും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.